ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കല്‍; കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നു

Update: 2022-11-08 04:59 GMT

ബംഗളൂരൂ: ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടിക്കെതിരേ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെയും ജോഡോ യാത്രയുടെയും അക്കൗണ്ടുകള്‍ മരവിപ്പിച്ച സിവില്‍കോടതിയുടെ ഉത്തരവിനെതിരെയാണ് അപ്പീല്‍ നല്‍കുക. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതി ഉത്തരവിട്ടതെന്നും ഇത് അനീതിയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ കെജിഎഫ്-2 എന്ന സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചതിന് നല്‍കിയ പകര്‍പ്പവകാശ ലംഘന കേസിലാണ് ബംഗളൂരു കോടതിയുടെ ഉത്തരവ്.

അക്കൗണ്ട് തടഞ്ഞില്ലെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കലാവും. ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ താല്‍ക്കാലികമായി ബ്ലോക്ക് ചെയ്യാനും കോടതി നിര്‍ദേശിച്ചിരുന്നു. സിനിമാ അണിയറപ്രവര്‍ത്തകരുടെ ഹരജിയിലാണ് കോടതി നടപടി സ്വീകരിച്ചത്. തങ്ങളുടെ പക്കലുള്ള എല്ലാ നിയമപരമായ നടപടികളുമായി മുന്നോട്ടുപോവുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. കോടതി നടപടികളെക്കുറിച്ച് തങ്ങളെ അറിയിക്കുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല. ഉത്തരവിന്റെ പകര്‍പ്പും ലഭിച്ചിട്ടില്ല- കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തു.

Tags: