ബെംഗളൂരു എടിഎം കൊള്ള; 7.11 കോടിയുടെ കവര്‍ച്ചയ്ക്ക് പിന്നില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ രണ്ടു പേര്‍ അറസ്റ്റില്‍

Update: 2025-11-21 10:18 GMT

ബെംഗളൂരു: ബെംഗളൂരുവില്‍ 7.11 കോടി രൂപ എടിഎമ്മില്‍ നിന്ന് കൊള്ളയടിച്ച കേസില്‍ വഴിത്തിരിവ്. കൊള്ളയ്ക്ക് പിന്നില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക് ഉള്‍പ്പെടെ രണ്ടു പേരെയാണ് ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത പണം ചെന്നൈയില്‍ നിന്നാണ് കണ്ടെത്തിയത്. ബുധനാഴ്ച ജയ്യനഗറിലെ അശോക പില്ലറിന് സമീപത്താണ് സ്വകാര്യ കമ്പനിയുടെ വാഹനത്തില്‍ കൊണ്ടുവന്ന പണം ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സംഘം കൊള്ളയടിച്ചത്. എടിഎമ്മില്‍ ഇടാനെത്തിയ 7 കോടി രൂപയാണ് സംഘം കവര്‍ന്നത്.

അറസ്റ്റിലായവരില്‍ പ്രധാന പ്രതി ഗോവിന്ദരാജനഗര്‍ പോലിസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ അപ്പണ്ണ നായക് ആണ്. ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സിഎംഎസ് ഇന്‍ഫോ സിസ്റ്റംസ് ലിമിറ്റഡിലെ മുന്‍ ജീവനക്കാരനായ മലയാളിയാണ് രണ്ടാം പ്രതി. അടുത്തിടെ കമ്പനി വിട്ടുപോയ ഇയാളും കോണ്‍സ്റ്റബിളും കഴിഞ്ഞ ആറുമാസമായി സുഹൃത്തുക്കളായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കവര്‍ച്ചയ്ക്കായി ഉപയോഗിച്ച കാര്‍ ഇയാളുടെ തന്നെ പഴയ ഔദ്യോഗിക വാഹനമാണെന്ന് പോലിസ് അറിയിച്ചു. സംഭവം നടന്ന സമയത്തെ മൊബൈല്‍ ടവര്‍ ഡാറ്റയും കോള്‍ ഡീറ്റെയില്‍ റെക്കോര്‍ഡുകളും പരിശോധിച്ചപ്പോള്‍ രണ്ടു പ്രതികളും നിരന്തരം സംസാരിച്ചിരുന്നതും മുന്‍ ദിവസങ്ങളിലുടനീളം നിരവധി തവണ ബന്ധപ്പെടുന്നുണ്ടായതും സ്ഥിരീകരിച്ചു.


Tags: