ബംഗാളി സ്വാതന്ത്ര്യസമര പോരാളി മാതംഗിനി ഹസ്രയെ അസംകാരിയെന്ന് വിശേഷിപ്പിച്ചു; പ്രധാനമന്ത്രി മാപ്പ് പറയണമെന്ന് തൃണമൂല്‍

Update: 2021-08-16 05:32 GMT

കൊല്‍ക്കത്ത: ബംഗാളിയാ സ്വാതന്ത്ര്യസമര പോരാളി മാതംഗിനി ഹസ്രയെ അസംകാരനെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി ചരിത്രത്തെക്കുറിച്ച് അല്‍പ്പധാരണ മാത്രമാണ് ഉള്ളതെന്നും സംഭവത്തില്‍ പ്രധാനമന്ത്രി മാപ്പുപറയണമെന്നും തൃണമൂല്‍ നേതാക്കള്‍.

തൃണമൂല്‍ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിനപ്രസംഗത്തിലാണ് മാതംഗിനി ഹസ്രയെ അസം സ്വദേശിനിയെന്ന് വിശേഷിപ്പിച്ചത്. ഇത്തരം നിരവധി പ്രമാദങ്ങള്‍ തൃണമൂണ്‍ നേതാവ് മമത ബാനര്‍ജിയും പല കാലത്തും വരുത്തിയിരുന്നുവെന്ന് ബിജെപി ആരോപിച്ചു. 


മാതംഗിനി ഹസ്ര


 പ്രധാനമന്ത്രിക്ക് ചരിത്രം അറിയില്ലെന്നും എഴുതിക്കൊടുക്കുന്നത് നാടകീയമായി വായിക്കുകയാണ് ചെയ്യുന്നതെന്നും തൃണമൂല്‍ ജനറല്‍ സെക്രട്ടറി കുനാല്‍ ഘോഷ് പറഞ്ഞു.

മാതംഗിനി ഹസ്ര അസംകാരിയാണോ? നിങ്ങള്‍ക്ക് ഭ്രാന്താണോ? നിങ്ങള്‍ക്ക് ചരിത്രം അറിയില്ലേ? നിങ്ങള്‍ക്ക് വികാരങ്ങളില്ലേ? നിങ്ങള്‍ എഴുതി നല്‍കിയ പ്രസ്താവനകള്‍ നാടകീയമായി വായിക്കുകയാണ്- തൃണമൂല്‍ വക്താവ് ട്വീറ്റ് ചെയ്തു. ഇത് ബംഗാളികളെ അപമാനിക്കലാണെന്നും പ്രധാനമന്ത്രി മാപ്പ് പറയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഇതേ കുറിച്ച് അഭിപ്രായം പറയണമെന്ന് തൃണമൂല്‍ പറയുന്നു.

ആര്‍എസ്എസ് സാഹിത്യം മാത്രം വായിക്കുന്നവര്‍ക്ക് മറ്റുള്ളവ വായിക്കാന്‍ കഴിയില്ലെന്ന് ഇടത് നേതാവ് ബിമന്‍ ബോസ് പറഞ്ഞു.

പുര്‍ബ മെദിനിപൂര്‍ ജില്ലയില്‍ 1869-1942 കാലത്ത് ജീവിച്ചിരുന്ന നേതാവാണ് ഹസ്ര. മഹാത്മാഗാന്ധിയുടെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ബ്രിട്ടിഷ് പോലിസ് വെടിവച്ചു കൊന്നു.

Tags:    

Similar News