ബംഗാള്‍ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസില്‍ പ്രവേശിപ്പിച്ചു

Update: 2022-07-25 04:52 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിലെ മുന്‍ വിദ്യാഭ്യാസ മന്ത്രിയും ഇപ്പോഴത്തെ വ്യവസായ മന്ത്രിയുമായ പാര്‍ത്ഥാ ചാറ്റര്‍ജിയെ ഭുവനേശ്വര്‍ എയിംസില്‍ പ്രവേശിപ്പിച്ചു. എയര്‍ ആംബുലന്‍സിലാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.

എസ്എസ്‌കെഎം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹത്തെ ആംബുലന്‍സില്‍ വിമാനത്താവളത്തിലെത്തിക്കുകയായിരുന്നു.

അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ടായിരുന്നു മന്ത്രിയുടെ അറസ്റ്റ്. കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവനുസരിച്ചാണ് ചാറ്റര്‍ജിയെ എയിംസിലേക്ക് മാറ്റിയത്.

ശനിയാഴ്ചയാണ് ചാറ്റര്‍ജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള എസ്എസ്‌കെഎം ആശുപത്രിക്കു പകരം കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഇ ഡി മജിസ്‌ട്രേറ്റ് കോടതിയോട് അപേക്ഷിച്ചെങ്കിലും അനുവദിച്ചില്ല. സംസ്ഥാന ഭരണകൂടത്തിലെ പ്രമുഖനായ ഒരാള്‍ അതേ സര്‍ക്കാരിന്റെ കീഴിലുള്ള ആശുപത്രിയില്‍ ചികില്‍സയിലിരിക്കുന്നത് സുരക്ഷിതമല്ലെന്നായിരുന്നു ഇ ഡിയുടെ വാദം.

ചാറ്റര്‍ജിയുടെ സഹായിയായ അര്‍പിത മുഖര്‍ജിയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ 20 കോടി രൂപ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മന്ത്രിയെ അറസ്റ്റ് ചെയ്തത്. 

Tags:    

Similar News