കൊല്‍ക്കൊത്ത: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ രാഷ്ട്രീയപ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ബംഗാളില്‍ ഒരു മന്ത്രികൂടി രാജിവച്ചു. മമതാ ബാനര്‍ജി കാബിനറ്റിലെ വനംവകുപ്പ് മന്ത്രി രജിബ് ബാനര്‍ജിയാണ് തല്‍സ്ഥാനം രാജിവച്ചത്. തനിക്കെതിരേ പാര്‍ട്ടി നേതാക്കള്‍ നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ ചില നേതാക്കള്‍ തനിക്കെതിരേ നടത്തിയ കുപ്രചരണങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചെന്നും അതുകൊണ്ടാണ് പാര്‍ട്ടിവിടുന്നതെന്നും പറഞ്ഞ അദ്ദേഹം കൂടുതല്‍ വിശദീകരണം നല്‍കാന്‍ തയ്യാറായില്ല. ഭാവി പരിപാടികളും വെളിപ്പെടുത്തിയില്ല.
''എനിക്ക് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. അത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി മേധാവിയായ മമതാ ബാനര്‍ജിയെയും അത് ധരിപ്പിച്ചിരുന്നു. പക്ഷേ, പരിഹാരമുണ്ടായില്ലെന്നുമാത്രമല്ല, പലരും തന്നെ വ്യക്തിപരമായി ആക്രമിക്കുകയായിരുന്നു''വെന്ന് അദ്ദേഹം പറഞ്ഞു.
മമതാബാനര്‍ജി കാബിനറ്റിലെ അംഗമായിരുന്ന സുവേന്ദു അധികാരി രാജിവച്ചുപോയ ശേഷം നിരവധി നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. എംഎല്‍എ ബൈശാലി ഡാല്‍മിയയുടെ രാജിക്കു തൊട്ടുപിന്നാലെയാണ് മന്ത്രിയുടെ രാജി.
