കാവിക്കൊപ്പം ചേര്‍ന്നതിന് ഓട്ടോറിക്ഷയില്‍ മൈക്ക് കെട്ടി പരസ്യമായി മാപ്പ് പറഞ്ഞ് ബംഗാള്‍ ബിജെപി പ്രവര്‍ത്തകര്‍; തൃണമൂല്‍ ഭീഷണി മൂലമെന്ന് ബിജെപി സംസ്ഥാന ഘടകം

Update: 2021-06-13 06:34 GMT

കൊല്‍ക്കത്ത: തൃണമൂലില്‍ നിന്ന് ബിജെപിക്കൊപ്പം ചേര്‍ന്ന നേതാക്കള്‍ ഘര്‍വാപ്പസി നടത്തുന്നതിനു പിന്നാലെ കാവിക്കൊടിക്കൊപ്പം നിന്നതിന് പരസ്യമായ മാപ്പപേക്ഷയുമായി ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍. ഓട്ടോറിക്ഷയ്ക്കു മുകളില്‍ മൈക്ക് പിടിപ്പിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പരസ്യമായി മാപ്പുപറയുന്നത്. ബിജെപിയെ തങ്ങള്‍ തെറ്റിദ്ധരിച്ചുവെന്നും അതിന് മാപ്പുതരണമെന്നുമാണ് മൈക്കിലൂടെ അപേക്ഷിക്കുന്നത്. ഭീര്‍ഭം ജില്ലയിലെ ലഭ്പൂര്‍, ബോല്‍പൂര്‍, സെയ്ന്‍തിയ എന്നിവിടങ്ങളിലും ഹൂഗ്ലി ജില്ലയിലെ ധനൈകഹാളിയിലുമാണ് കൗതുകകരമായ സംഭവം നടന്നത്.

തൃണമൂല്‍ നേതാക്കള്‍ ഭീഷണിപ്പെടുത്തിയതിന്റെ ഭാഗമായാണ് പ്രവര്‍ത്തകര്‍ മൈക്കു കെട്ടി മാപ്പുപറയുന്നതെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു.

ബിജെപി നേതാവും മുന്‍ തൃണമൂല്‍ സ്ഥാപക നേതാവുമായ മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് ത്രിണമൂലിലേക്ക് തിരികെയെത്തിയത്. മുന്‍ മന്ത്രി രജിബ് ബാനര്‍ജി തൃണമൂല്‍ വക്താവ് കുനല്‍ ഘോഷിനെ കണ്ടത് പുതിയ പ്രചാരണത്തിന് കാരണമായിട്ടുണ്ട്. ബിജെപി ടിക്കറ്റില്‍ ദോംജൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ച് തോറ്റ നേതാവാണ് രജിബ് ബാനര്‍ജി. അതേസമയം രജിബ് തൃണമൂല്‍ നേതാവിനെ കണ്ടത് പാര്‍ട്ടിയിലേക്കു ചേക്കേറുന്നതിന്റെ ഭാഗമല്ലെന്നാണ് രജിബ് പറയുന്നത്. 

മമതയുടെ വിജയത്തിനുശേഷം തൃണമൂലില്‍ നിന്നുള്ള ഒഴുക്ക് വര്‍ധിച്ചിരിക്കുകയാണ്.