ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തള്ളി

Update: 2021-03-09 12:56 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായി നടത്താനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹരജി സുപ്രിംകോടതി തളളി. സുപ്രിംകോടതി അഭിഭാഷകനായ മനോഹര്‍ ലാല്‍ ശര്‍മ നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് എ എസ് ബോപന്ന, വി രാമസുബ്രഹ്മണ്യ തുടങ്ങിയവര്‍ അംഗങ്ങളുമായ സുപ്രിംകോടതിയുടെ മൂന്നംഗ ബെഞ്ച് തള്ളിയത്.

തിരഞ്ഞെടുപ്പ് റാലിയില്‍ ജയ് ശ്രീരാം മുദ്രാവാക്യം മുഴക്കിയതിനെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹരജിയും സുപ്രിംകോടതി തള്ളി.

ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നും തീരുമാനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ശര്‍മ കോടതിയിലെത്തിയത്. തീരുമാനം ഭരണഘടനയുടെ അനുച്ഛേദം 14, 21 എന്നിവയുടെ ലംഘനമാണെന്നും നിര്‍ദേശം സ്‌റ്റേ ചെയ്യണമെന്നും ഹരിജിക്കാരന്‍ വാദിച്ചു.

ജയ് ശ്രീ രാം മുദ്രാവാക്യം വിളിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും അത് സിബിഐ ഏറ്റെടുക്കണമെന്നുമാണ് ശര്‍മയുടെ ആവശ്യം.

ഡല്‍ഹി നിര്‍ഭയ കേസില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട ഇരയ്‌ക്കെതിരേ വിദ്വേഷപരാമര്‍ശം നടത്തിയ അഭിഭാഷകനാണ് ശര്‍മ.

Tags: