ബെയ്‌റൂത്ത് സ്‌ഫോടനം: 16 തുറമുഖ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു

Update: 2020-08-07 01:18 GMT

ദോഹ: ലെബ്‌നാന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖത്ത് നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് 16 തുറമുഖ ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. മിലിറ്റി കോടതി വക്താവും ആക്റ്റിങ് ജഡ്ജിയുമായ ഫാദി അകികിയെ ഉദ്ധരിച്ച് സ്പുട്‌നിക് വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

ബെയ്‌റൂത്ത് തുറമുഖത്ത് നടന്ന പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. തുറമുഖത്തിലെ ഭരണ, മെയിന്റനന്‍സ് വിഭാഗത്തിലെ 18 ജീവനക്കാരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു- ലെബനീസ് വാര്‍ത്ത ഏജന്‍സി അറിയിച്ചു. നേരത്തെ ഏതാനും ജീവനക്കാരെ വീട്ട് തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പൊട്ടിത്തെറിക്ക് കാരണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

ബെയ്‌റൂത്ത് തുറമുഖത്തോട് ചേര്‍ന്നുള്ള വെയര്‍ ഹൗസില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നൂറുകണക്കിന് പേരാണ് മരിച്ചത്. 5000 ലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് ഔദ്യോഗിക കണക്ക്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് കണക്കുകൂട്ടല്‍.

സ്‌ഫോടനത്തില്‍ ഏതാണ്ട് മൂന്ന് ലക്ഷം പേര്‍ ഭവനരഹിതരായി. 1000 മുതല്‍ 1500 കോടി ഡോളറിന്‍ നാശനഷ്ടം ഏറ്റവും ചുരുങ്ങിയത് ഉണ്ടായേക്കാം എന്നാണ് ബെയ്‌റൂത്ത് ഗവര്‍ണര്‍ മാര്‍വന്‍ അബൗദ് വ്യക്തമാക്കിയത്. സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ആറ് വര്‍ഷമായി വെയര്‍ഹൈസില്‍ സൂക്ഷിച്ചുവെച്ച 2,750 ടണ്‍ അമോണിയം നൈട്രേറ്റ് ആയിരിക്കാം പൊട്ടിത്തെറിക്ക് കാരണം എന്നാണ് അനുമാനം. ലെബനന്‍ മന്ത്രിസഭ തലസ്ഥാനത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും നഗരത്തിലെ സുരക്ഷയുടെ നിയന്ത്രണം സൈന്യത്തിന് കൈമാറുകയും ചെയ്തിരുന്നു. 

Tags:    

Similar News