''രാഷ്ട്രീയ നേതാവായതുകൊണ്ട് ആരെയും കാറിടിപ്പിക്കാമെന്ന് അര്‍ത്ഥമില്ല''; ലഖിംപൂര്‍ സംഭവത്തില്‍ വിമര്‍ശനവുമായി യുപി ബിജെപി മേധാവി
ലഖ്‌നോ: ലഖിംപൂര്‍ സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി നേതാവും. യുപിയിലെ ബിജെപി മേധാവി സ്വതന്ത്രദേവ് സിങാണ് ലഖിംപൂരില്‍ കര്‍ഷകരെ ഇടിച്ചിട്ട നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നത്. ലഖിംപൂര്‍സംഭവത്തെ വിമര്‍ശിച്ചുകൊണ്ട് ആദ്യമായാണ് ഒരു ബിജെപി നേതാവ് പരസ്യമായി രംഗത്തുവരുന്നത്.
യുപി ന്യൂനപക്ഷ സമിതിയുടെ ഞായറാഴ്ച നടന്ന യോഗത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
''ഒരാളുടെ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് വിജയിക്കണം. സമൂഹത്തെയും രാഷ്ട്രത്തെയും സേവിക്കുന്നതിനാണ് രാഷ്ട്രീയം. അതിന് ജാതിയും മതവുമായി ബന്ധമില്ല. ഒരു രാഷ്ട്രീയ നേതാവായിരിക്കുക എന്നതിനര്‍ത്ഥം കൊള്ളയടിക്കുക എന്നല്ല, നിങ്ങളുടെ ഫോര്‍ച്യൂണര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ആരെയും ഇടിച്ചിടാമെന്നുമല്ല. പാവപ്പെട്ടവരെ സേവിക്കാനാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാഷ്ട്രീയം ഒരു പാര്‍ട്ട് ടൈം ജോലിയുമല്ല''- സിങ് പറഞ്ഞു.
ലഖിംപൂര്‍ സംഭവത്തില്‍ കര്‍ഷക പ്രക്ഷോഭക്കാരെ കാറു കയറ്റിക്കൊലപ്പെടുത്തിയതില്‍ കേന്ദ്ര മന്ത്രിയും മകനുമെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് സ്വതന്ത്രദേവ് സിങ്ങിന്റെ പ്രതികരണം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആഷിഷ് മിശ്രയുടെ കാറാണ് പ്രതിഷേധക്കാരെ ഇടിച്ചിട്ടത്.
ദരിദ്രമായ ചുറ്റുപാടില്‍ നിന്ന് വന്ന് ഉന്നത സ്ഥാനത്തെത്തിയ പ്രധാനമന്ത്രി മോദെയും യോഗി ആദിത്യനാഥിനെയും സിങ് അഭിനന്ദിച്ചു.
കേന്ദ്ര മന്ത്രി അജയ് മിശ്രയോട് ലഖ്‌നോവിലെത്താന്‍ സ്വതന്ത്രദേവ് സിങ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് വൈകീട്ടാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.
ഒക്ടോബര്‍ സംഭവത്തിനുശേഷം മിശ്ര സ്വതന്ത്രദേവ് സിങ്ങിനെയോ യോഗി ആദിത്യനാഥിനെയോ കണ്ടിട്ടില്ല.
ആഷിഷ് മിശ്രയുടെ കാര്‍ കയറിയിറങ്ങിയാണ് നാല് കര്‍ഷകര്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ കൂടി മരിച്ചു.
അജയ് മിശ്ര സംഭവത്തില്‍ മാപ്പു പറയണമെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. പക്ഷേ, മിശ്ര ഇതുവരെ വഴങ്ങിയിട്ടില്ലെന്നാണ് സൂചന.
