'സഭയില്‍ അന്തസ്സില്ലാതെ പെരുമാറി'; എളമരം കരീമും ബിനോയ് വിശ്വവും അടക്കം 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു

Update: 2021-11-29 12:18 GMT

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനിടയില്‍ സംഘര്‍ഷമുണ്ടാക്കിയെന്നാരോപിച്ച് രാജ്യസഭയിലെ 12 എംപിമാരെ സസ്‌പെന്‍ഡ് ചെയ്തു. വര്‍ഷകാല സമ്മേളനത്തിന്റെ അവസാന ദിവസം പെഗസസ് ചാര സോഫ്റ്റ് വെയര്‍ പ്രശ്‌നത്തില്‍ സഭയില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേയാണ് നടപടി. എംപിമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയെ പ്രതിപക്ഷം അപലപിച്ചു.

സിപിഎം എംപി എളമരം കരീം, സിപിഐയുടെ ബിനോയ് വിശ്വം, തൃണമൂല്‍ എംപി ശാന്താ ഛേത്രി, കോണ്‍ഗ്രസ്സിലെ സായിദ് നാസര്‍ ഹുസൈന്‍, അഖിലേഷ് പ്രസാദ് സിങ്, ഫൂലോ ദേവി നേതാം, ഛായ വര്‍മ, റിപുന്‍ ബോറ, രാജാമണി പട്ടേല്‍, ശിവസേനയിലെ പ്രിയങ്ക ചതുര്‍വേദി, അനില്‍ ദശായി തുടങ്ങിയവരാണ് സസ്‌പെന്‍ഡ് ചെയ്തത്.

ഇത്തരം സാഹചര്യത്തില്‍ എംപിമാരെ സസ്‌പെന്‍ഡ് ചെയ്യുന്നത് ഇതാദ്യമാണ്. റൂള്‍ 256 പ്രകാരം എംപിമാരെ നിലവിലുള്ള സമ്മേളന കാലയളവില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ സ്‌പെന്‍ഡ് ചെയ്യാവുന്നതാണ്.

സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സഭാ നടപടികള്‍ ബഹിഷ്‌കരിക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവ് മനോജ് ഝാ പറഞ്ഞു.