എസ്ബിഐയില്‍ സ്ഥിരം തസ്തികയില്‍ അപ്രന്റീസുകളെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ബെഫി

ബാങ്കിംഗ് മേഖലയില്‍ സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് എസ്ബിഐയില്‍ ഇപ്പോള്‍ നടപ്പാക്കുന്ന അപ്രന്റീസ് നിയമനമെന്ന് ബെഫി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി

Update: 2020-11-23 09:42 GMT

കോഴിക്കോട്: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 8500 അപ്രന്റീസുമാരെ നിയമിക്കാന്‍ തീരുമാനിച്ച നടപടിയില്‍ കടുത്ത പ്രതിഷേധമറിയിച്ച് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബെഫി). ബാങ്കിംഗ് മേഖലയില്‍ സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുന്നതിനുള്ള തുടക്കമാണ് എസ്ബിഐയില്‍ ഇപ്പോള്‍ നടപ്പാക്കുന്ന അപ്രന്റീസ് നിയമനം. കഴിഞ്ഞ കുറച്ച് നാളുകളായി രാജ്യത്തെ ജനവിരുദ്ധ ധനമേഖലാ പരീഷ്‌ക്കാരങ്ങളുടെ പരീക്ഷണശാലയായി എസ്ബിഐയെ മാറ്റിക്കൊണ്ടിരിക്കുകയാണ് ഭരണാധികാരികള്‍. ഇവിടെ പ്യൂണ്‍/സ്വീപ്പര്‍ തസ്തിക നാളുകള്‍ക്ക് മുന്‍പ് പൂര്‍ണമായും കരാര്‍വത്ക്കരിച്ചു. അതിലൂടെ സമൂഹത്തിലെ ഏറ്റവും പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പൊതുമേഖലയില്‍ സ്ഥിരം തൊഴില്‍ ലഭിക്കുമായിരുന്ന ഒരു ഇടം പൂര്‍ണമായും ഇല്ലാതായി.

തുടര്‍ന്ന് മറ്റ് പൊതുമേഖലാ ബാങ്കുകളും ഇത്തരം തസ്തികകള്‍ കരാര്‍വത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന്റെ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ് ഏര്‍പ്പെടുത്തുന്ന പ്രക്രിയക്കും ആദ്യം തുടക്കമിടുന്നത് എസ്ബിഐയിലാണ്. ക്ലറിക്കല്‍ തസ്തികയിലെ പുതിയ അപ്രന്റീസ് നിയമനം മറ്റൊരു തുടക്കമായി മാത്രമേ കാണാനാകൂ.

നാളുകള്‍ക്ക് മുന്‍പ് എസ്ബിഐയില്‍ കാംപസ് നിയമനത്തിന് തുടക്കമിട്ടിരുന്നു. എന്നാല്‍ ഒരു പൊതുമേഖലാ സ്ഥാപനം യാതൊരു സംവരണ മാനദണ്ഡങ്ങളും പാലിക്കാതെ നടത്തുന്ന നിയമനത്തിനെതിരേ കൊച്ചി സര്‍വ്വകലാശാലയിലെ ചില വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. കൂടാതെ ഡിവൈഎഫ്‌ഐ ഉള്‍പ്പടെയുള്ള യുവജന പ്രസ്ഥാനങ്ങളും വിഷയമേറ്റെടുക്കുകയും ചെയ്തു. തുടര്‍ന്ന് ബാങ്ക് പ്രസ്തുത നടപടിയില്‍ നിന്ന് പിന്‍മാറാന്‍ നിര്‍ബന്ധിതരായി.

സ്ഥിരം തസ്തികകള്‍ എന്നന്നേക്കുമായി അവസാനിപ്പിച്ച് കരാര്‍ നിയമനവും അപ്രന്റീസ് നിയമനവും വ്യാപകമാക്കാനുള്ള കേന്ദ്രനയത്തിന്റെ ഭാഗമായി എസ്ബിഐ നടത്തുന്ന നീക്കം പ്രതിഷേധാര്‍ഹമാണ്. ഇത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴില്‍ശക്തി നവംബര്‍ 26 ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന വേളയില്‍ തന്നെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപ്രന്റീസ് നിയമന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. ഈ ഉത്തരവ് പിന്‍വലിച്ച് ഒഴിവുള്ള തസ്തികകളിലേക്ക് ഉടന്‍ നിയമനം നടത്താന്‍ എസ്ബിഐ മാനേജ്‌മെന്റ് തയ്യാറാകണമെന്ന് ബെഫി പ്രസിഡന്റ് ടി. നരേന്ദ്രന്‍, ജനറല്‍ സെക്രട്ടറി എസ് എസ് അനില്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News