'മതേതരത്വം ഉയര്‍ത്തിപ്പിടിക്കാന്‍ ഹോട്ടലുകളിലെ സൈന്‍ബോര്‍ഡുകളില്‍നിന്ന് ബീഫ് ഒഴിവാക്കണം'; വിവാദ നിര്‍ദേശവുമായി ഇറ്റാനഗര്‍ ജില്ലാ ഭരണകൂടം
ന്യൂഡല്‍ഹി: മതേതരത്വം ഉയര്‍ത്തിപ്പിടിക്കാനും സമാധാനവും പരിപാലിക്കാനും ഹോട്ടലുകളിലെ സൈന്‍ബോര്‍ഡുകളില്‍നിന്ന് ബീഫുമായി ബന്ധപ്പെട്ട എല്ലാ സൂചനകളും ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇറ്റാനഗര്‍ കാപിറ്റല്‍ റീജിയനിലെ ഹോട്ടലുടമകള്‍ക്കാണ് ഇറ്റാനഗര്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഉത്തരവിട്ട നഗര്‍ലഗന്‍ സബ് ഡിവിഷനിലെ എക്‌സ്ട്രാ അസിസ്റ്റന്റ് കമ്മീഷണര്‍ തമോ ദാദ അതിന്റെ കാരണങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
സമൂഹത്തില്‍ സമാധാനം നിലനിര്‍ത്താനും മതേതരത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ നിലനിര്‍ത്താനും ഇത്തരമൊരു മാറ്റം ആവശ്യമാണെന്നാണ് ജൂലൈ 13ന് ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
ബീഫ് എന്ന വാക്കും ചിഹ്നങ്ങളും ചിത്രങ്ങളും നമ്മുടെ സമൂഹത്തിലെ ചില വിഭാഗങ്ങളെ വേദനിപ്പിക്കും. അത് വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധക്ക് കാരണമാവും. അതുകൊണ്ട് അത്തരം ചിഹ്നങ്ങള്‍ ഒഴിവാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രദേശത്തെ ചിലരില്‍നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ദാദ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ബീഫ് സ്റ്റാളുകളും ബോര്‍ഡുകളും ധാരാളമായി മുളച്ചുപൊന്താന്‍ തുടങ്ങിയെന്നും നഹര്‍ലഗന്‍ അധികാരികള്‍ പറയുന്നു. അവ ഹിന്ദു സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തും. ഇതുസംബന്ധിച്ച് പരാതി നല്‍കിയത് ആരാണെന്ന് ഉത്തരവിട്ട ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയില്ലെന്ന് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്തു.
നിര്‍ദേശപ്രകാരം ബോര്‍ഡുകളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ 2000 രൂപ പിഴയടക്കേണ്ടിവരും.
ബീഫ് ധാരാളം ഉപയോഗിക്കുന്ന പ്രദേശമാണ് ഇറ്റാനഗര്‍.
വര്‍ഷങ്ങള്‍ക്കു മുമ്പ് തവാങ് പ്രദേശത്തും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചിലയിടങ്ങളില്‍ പുറത്തുനിന്ന് ബീഫ് കൊണ്ടുവരുന്നുണ്ടോ എന്ന് അറിയാന്‍ പ്രദേശവാസികള്‍ വാഹനങ്ങള്‍ പരിശോധിക്കുക പോലും പതിവുണ്ട്.
ആഗസ്റ്റ് 13നു മുമ്പ് ബോര്‍ഡ് നീക്കം ചെയ്യാനാണ് നിര്‍ദേശം. ബിജെപിയാണ് അരുണാചലില്‍ അധികാരത്തിലുള്ളത്.
