കെ റെയില്‍ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലിസുകാരനെ എആര്‍ കാംപിലേക്ക് സ്ഥലം മാറ്റി

മംഗലപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ഷബീറിനെ തിരുവനന്തപുരത്ത് എആര്‍ കാംപിലേക്കാണ് മാറ്റിയത്

Update: 2022-04-24 06:58 GMT

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്ത് കെ റയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധസമരക്കാരെ ചവിട്ടി വീഴ്ത്തി മുഖത്തടിച്ച പോലിസുകാരനെതിരേ നടപടി. മംഗലപുരം പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ ഷബീറിനെ തിരുവനന്തപുരത്ത് എആര്‍ കാംപിലേക്കാണ് മാറ്റിയത്. സമരക്കാരനെ ചവിട്ടിവീഴ്ത്തി മുഖത്തടിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥന് തെറ്റ് പറ്റിയെന്ന് വകുപ്പുതല അന്വേഷണ റിപോര്‍ട്ട് കിട്ടിയിട്ടും ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് വിവാദമായിരുന്നു. ഷബീറിനെതിരെ വകുപ്പ് തല നടപടിയും തുടരും.

കഴക്കൂട്ടം കരിച്ചാറയില്‍ കെ റയിലിന് വേണ്ടി സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായി കല്ലിടാന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോയിയെ മുഖത്തടിച്ച് ഷബീര്‍ വീഴ്ത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇത് കൂടാതെ ഷബീര്‍ പ്രകോപനം കൂടാതെ ജോയിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നതാണ്. നിലത്തിട്ട് ചവിട്ടുന്നതിന് മുമ്പ് മുഖത്തടിച്ച് വീഴ്ത്തുന്നത് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

പ്രത്യേകിച്ചൊരു പ്രകോപനവുമില്ലാതെയാണ് പോലിസുകാരന്‍ അതിക്രമം കാണിച്ചതെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി ഇന്നലെ റിപോര്‍ട്ട് നല്‍കിയിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോലിസുകാരനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അതിക്രമം ദൃശ്യങ്ങളില്‍ വ്യക്തമാണ്, ഒരു ഡിവൈഎസ്പിയുടെ റിപോര്‍ട്ടുണ്ടായിട്ടും വീണ്ടും വകുപ്പ് തല അന്വേഷണത്തിനാണ് റൂറല്‍എസ്പി ഉത്തരവിട്ടത്.

Tags:    

Similar News