ടി20 ലോകകപ്പ് ജേതാക്കള്‍ക്ക് 131 കോടി രൂപ പാരിതോഷികം; ഇന്ത്യന്‍ ടീമിനെ ആദരിച്ചു ബിസിസിഐ
മുംബൈ: ട്വന്റി-20 ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം നേടിയ ഇന്ത്യന്‍ ടീമിന് 131 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. താരങ്ങള്‍ക്കും പരിശീലക സംഘത്തിനും ചേര്‍ന്നാണ് ഈ തുക നല്‍കുന്നത്. 2024ല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീമിന് ബിസിസിഐ 125 കോടി രൂപയാണ് പാരിതോഷികമായി നല്‍കിയിരുന്നത്. ഇത്തവണ ആറു കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
അഹമ്മദാബാദില്‍ നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം തവണയും ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ടൂര്‍ണമെന്റിന്റെ തുടക്ക മല്‍സരങ്ങളിലെ മന്ദഗതി മറികടന്നതോടെ ഇന്ത്യ കരുത്തുറ്റ ടീമായി മാറി. സഞ്ജു സാംസണ്‍ (321 റണ്‍), ഇഷാന്‍ കിഷന്‍ (317 റണ്‍), ജസ്പ്രീത് ബുമ്ര (14 വിക്കറ്റ്), അക്‌സര്‍ പട്ടേല്‍ (11 വിക്കറ്റ്), ഹാര്‍ദിക് പാണ്ഡ്യ (217 റണ്‍, 9 വിക്കറ്റ്), ശിവം ദുബെ (235 റണ്‍, 5 വിക്കറ്റ്) എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയുടെ കിരീടനേട്ടത്തിന് അടിത്തറയിട്ടത്.
ഇതിനൊപ്പം, ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീമിന് സമ്മാനത്തുകയായി 27.48 കോടി രൂപയും ലഭിക്കും. റണ്ണറപ്പായ ടീമിന് 14.65 കോടി രൂപയും സെമിഫൈനലില്‍ പുറത്തായ ടീമുകള്‍ക്ക് 7.24 കോടി രൂപ വീതവും ലഭിക്കും. സൂപ്പര്‍ എട്ട് ഘട്ടത്തിലെത്തിയ ടീമുകള്‍ക്ക് 3.48 കോടി രൂപയും ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായ ടീമുകള്‍ക്ക് 2.29 കോടി രൂപയുമാണ് സമ്മാനത്തുക. ഇത്തവണ ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 120 കോടിയാണ്. ഇത് കഴിഞ്ഞ പതിപ്പിനെ അപേക്ഷിച്ച് 20 ശതമാനം കൂടുതലാണ്.