ഫാത്തിക്ക് റെക്കോഡ്; നേഷന്‍സ് ലീഗില്‍ സ്‌പെയിനിന് തകര്‍പ്പന്‍ ജയം

Update: 2020-09-07 04:17 GMT

മാഡ്രിഡ്: നേഷന്‍സ് ലീഗില്‍ സ്‌പെയിനിന് ആദ്യ ജയം. ഉക്രെയിനിനെതിരേ എതിരില്ലാത്ത നാല് ഗോളിനാണ് സ്‌പെയിനിന്റെ ജയം. മല്‍സരത്തില്‍ ടീനേജ് താരം അന്‍സു ഫാത്തി രാജ്യത്തിനായി ആദ്യ ഗോള്‍ നേടി. സ്‌പെയിനിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇതോടെ ഫാത്തിയുടെ പേരിലായി. 17 വയസ്സും 311 ദിവസവുമാണ് അന്‍സുവിന്റെ പ്രായം. നേരത്തെ ചാംപ്യന്‍സ് ലീഗിലും സ്പാനിഷ് ലീഗിലും ആദ്യമായി ഗോള്‍ നേടിയപ്പോള്‍ അന്‍സു ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു. മല്‍സരത്തില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് ഇരട്ട ഗോള്‍ നേടി. ഫെരന്‍ ടോറസാണ് സ്‌പെയിനിന്റെ നാലാം ഗോള്‍ നേടിയത്.

ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ജര്‍മ്മനിയെ സ്വിറ്റ്‌സര്‍ലാന്റ് 1-1 സമനിലയില്‍ കുരുക്കിയപ്പോള്‍ തുര്‍ക്കിയെ സെര്‍ബിയയും (0-0) സമനിലയില്‍ പിടിച്ചു. കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ പോര്‍ച്ചുഗല്‍ ക്രൊയേഷ്യയെ തോല്‍പ്പിച്ചിരുന്നു.

Tags:    

Similar News