ബാര്‍ കോഴ: ബിജു രമേശിനെതിരെ തുടര്‍ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Update: 2021-01-18 06:34 GMT

എറണാകുളം: ബാര്‍ കോഴക്കേസില്‍ ബിജു രമേശിനെതിരെ തുടര്‍ നടപടിയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കൃത്രിമം കാട്ടിയ സിഡി കോടതിയില്‍ ഹാജരാക്കിയെന്ന പരാതിയിലാണ് നടപടി. പരാതി സ്വീകരിക്കാന്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റിന് കോടതി നിര്‍ദേശം നല്‍കി. കോടതിയില്‍ ഹാജരാക്കിയ സിഡിയില്‍ കൃത്രിമം കാണിച്ചതായി ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ബാറുടമകളുടെ യോഗത്തിലെ സംഭാഷണമാണ് സിഡിയിലെ ശബ്ദരേഖയില്‍ ഉണ്ടായിരുന്നത്. ഇതില്‍ നടപടിയെടുക്കാന്‍ വിസമ്മതിച്ച മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെയുള്ള ഹര്‍ജിയിലാണ് വിധി.


തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരനാണ് കേസിലെ ഹര്‍ജിക്കാരന്‍. ബാര്‍ കോഴക്കേസില്‍ രഹസ്യമൊഴി നല്‍കിയപ്പോഴായിരുന്നു എഡിറ്റഡ് സിഡി മജിസ്‌ട്രേറ്റിന് കൈമാറിയത്. കേരളത്തില്‍ 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Tags:    

Similar News