ബാര്‍കോഴ: കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍

Update: 2020-12-11 09:35 GMT

തിരുവനന്തപുരം: ബാര്‍കോഴയുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുന്‍മന്ത്രിമാരായ കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണത്തിലാണ് ഗര്‍ണവര്‍ രേഖകള്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന രേഖകള്‍ മാത്രം പരിശോധിച്ച് അനുമതി നല്‍കാനാകില്ലെന്നും കൂടുതല്‍ രേഖകള്‍ ഹാജരാക്കണമെന്നും ഗവര്‍ണര്‍ സര്‍ക്കാരിനെ അറിയിച്ചു.

കേസിന്റെ വിശദാംശങ്ങള്‍ ചൊവ്വാഴ്ച വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിലോട് രാജ്ഭവനിലെത്തി ഗവണറെ കാണാന്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ് ഗവര്‍ണര്‍ അവധിയില്‍ നാട്ടിലായതിനാല്‍ കൂടിക്കാഴ്ച നടന്നിരുന്നില്ല. ഇതിന് പിന്നാലെയാണ് കൂടുതല്‍ രേഖകള്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ മുന്‍ മന്ത്രിമാര്‍ക്കും രമേശ് ചെന്നിത്തലയക്കും കോഴ നല്‍കിയെന്ന ബിജു രമേശിത്തിന്റെ ആരോപണത്തിലാണ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. രമേശ് ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു.

ഈ കേസില്‍ നേരത്തെ പലതവണ അന്വേഷണം നടത്തുകയും, ആരോപണങ്ങളില്‍ കഴമ്പില്ലാത്തതാണെന്ന് ബോധ്യപ്പെട്ടതാണെന്നും കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നേരത്തെ കത്തു നല്‍കിയിരുന്നു. ഈ കത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടുന്നത്

കേരളത്തില്‍ 2014ല്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതിന് ധനമന്ത്രി കെ.എം. മാണി ബാര്‍ മുതലാളിമാരുടെ സംഘടനയില്‍ നിന്ന് കോഴവാങ്ങിയെന്ന് കേസാണ് ബാര്‍ കോഴ എന്ന പേരിലറിയപ്പെടുന്നത്. പൂട്ടിയ ബാറുകള്‍ തുറക്കുന്നതിനായി മന്ത്രി കെ.എം. മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. ഇതേ തുടര്‍ന്ന് 2014 ഡിസംബര്‍ 10ന് മാണിയെ പ്രതിയാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.