നിരോധനങ്ങളും ഇഡി വേട്ടയും രാഷ്ട്രീയമായി പ്രതിരോധിക്കണം: എന്‍ കെ റഷീദ് ഉമരി

Update: 2025-03-24 09:09 GMT

തൃശൂര്‍: ബിജെപി ഭരണകൂടം രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയും നിരോധിക്കുകയും ചെയ്യുന്നതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ജനാധിപത്യ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ഇത്തരം സ്വേഛാധിപത്യ നീക്കങ്ങള്‍ ജനാധിപത്യത്തെ തകര്‍ക്കുന്നതിന്റെ ഭാഗമാണെന്നും പ്രതിപക്ഷത്തെ ഭയപ്പെടുത്തി നിശബ്ദമാക്കുകയാണ് ബി ജെ പി സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ദേശീയ പ്രസിഡണ്ട് എം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാര്‍ഢ്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇഡി രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ബഹുഭൂരിപക്ഷവും കേവലം ആരോപണങ്ങള്‍ മാത്രമായിരുന്നുവെന്ന് സര്‍ക്കാര്‍ തന്നെ പാര്‍ലമെന്റില്‍ വ്യക്തമാക്കിയിരിക്കെ എം കെ ഫൈസിയുടെ അറസ്റ്റും ഭയപ്പെടുത്തലിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണം. അന്വേഷണ ഏജന്‍സികള്‍ തെളിവുകള്‍ സമര്‍പ്പിക്കേണ്ടത് കോടതിയിലാണെന്നും അല്ലാതെ മാധ്യമങ്ങളിലൂടെ ഭീതിപരത്തുന്ന തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയല്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ രാഷ്ട്രീയ ചട്ടുകങ്ങളായ അന്വേഷണ ഏജന്‍സികളുടെ നിറംപിടിപ്പിച്ച നുണകള്‍ പ്രചിരിപ്പിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്നും റഷീദ് ഉമരി പറഞ്ഞു.

Tags: