ബാങ്കുകള്‍ കൊവിഡ് ആരോഗ്യനിര്‍ദേശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു; വിമര്‍ശനവുമായി മുഖ്യമന്ത്രി

Update: 2021-04-30 13:55 GMT

തിരുവനന്തപുരം: കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളുടെ ലക്ഷ്യങ്ങളെ തുരങ്കം വയ്ക്കുന്ന നടപടികളില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന നിര്‍ദേശം കാറ്റില്‍പ്പറത്തി അടയ്ക്കുന്നതായുള്ള പ്രതീതി ജനിപ്പിച്ച് ഉത്തരവിന്റെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയാണ് ബാങ്കുകളെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

ബാങ്കുകള്‍ക്ക് ഉച്ചക്ക് രണ്ടു വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ചില ബാങ്കുകള്‍ ഇടപാടുകാരെ ഒഴിവാക്കി മുന്‍ വാതിതില്‍ അടച്ചിട്ട് ജീവനക്കാരെക്കൊണ്ട് മറ്റു പണികള്‍ പണിയെടുപ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മറ്റ് ചില സ്വകാര്യ ബാങ്കുകള്‍ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കാതെ മുന്‍വാതിലടച്ച് സാധാരണ പ്രവര്‍ത്തനം തടരുന്നതായും തിരിച്ചറിഞ്ഞിട്ടുണ്ട്.  ഔട്ട് ഡോറില്‍ ഇടപാടുകാരെ കാണാനും ബിസിനസ് വര്‍ധിപ്പിക്കാനും തൊഴിലാളികളോട് ആവശ്യപ്പെടുന്ന ബാങ്കുകളുമുണ്ട്. ഇതൊക്കെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങളുടെ അന്തസ്സത്തയെ തുരങ്കംവയ്ക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ബാങ്കുകള്‍ ഇത്തതരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.