ബാങ്ക് വായ്പാതട്ടിപ്പ്: ഡല്‍ഹി സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അറസ്റ്റില്‍

Update: 2022-07-26 03:17 GMT

ഭുവനേശ്വര്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് വായ്പ തരപ്പെടുത്തി പണം തട്ടിയ കേസില്‍ ഡല്‍ഹി സ്വദേശിയായ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിനെ ഭുവനേശ്വര്‍ എക്കണോമിക് ഒഫന്‍സ് വിങ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയില്‍നിന്നാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി കോടതിയില്‍ ഹാജരാക്കിയ ഇയാളെ അടുത്ത ദിവസം ഒഡീഷയിലേക്ക് കൊണ്ടുപോകും.

നീരജ് കുമാറിനെയാണ് സാമ്പത്തിക അന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളെ ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി. ഭുവേനേശ്വരിലേക്ക് കൊണ്ടുപോകുന്നതിനുളള ട്രാന്‍സിറ്റ് റിമാന്‍ഡിന് ആവശ്യപ്പെട്ടിട്ടുണ്ട്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഭുവനേശ്വര്‍ ബ്രാഞ്ചാണ് പരാതി നല്‍കിയത്. കെപി സൊലൂഷന്‍സ് എന്ന കമ്പനിയുടെ പേരിലാണ് വായ്പകള്‍ അനുവദിച്ചത്. കെ പി സൊലൂഷന്‍സിന്റെ കാളിപ്രസാദ് മിശ്രയും കേസില്‍ പ്രതിയാണ്.

2017 കാലത്ത് വ്യാജ രേഖകള്‍ സമര്‍പ്പിച്ച് പിഎന്‍ബിയുടെ ബാപുജി നഗര്‍ ബ്രാഞ്ചില്‍നിന്ന് 250 ലക്ഷം രൂപ വായ്പ ഇനത്തില്‍ കൈപറ്റിയെന്നാണ് കേസ്. ഉടമകളറിയാതെ അവരുടെ ഭൂമിയും മറ്റ് സ്വത്തുക്കളും ജാമ്യം നല്‍കിയാണ് വായ്പ തരപ്പെടുത്തിയത്.

2013-16 കാലത്ത് ഇതേ ബ്രാഞ്ചിലാണ് നീരജ് കുമാര്‍ ജോലി ചെയ്തിരുന്നത്. ഇതേ ബ്രാഞ്ചിലെ ചീഫ് മാനേജര്‍ ബിരേന്ദ്ര കുമാര്‍ പട്‌നായികുമായി ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്.

2016ല്‍ നീരജ് ബാങ്കിലെ ജോലി അവസാനിപ്പിച്ചുവെങ്കിലും ബാങ്ക് ജോലിക്കാരനെന്ന മട്ടില്‍ പിന്നീടും ബാങ്കിനുള്ളില്‍ ജീവനക്കാര്‍ക്കൊപ്പം ഇരുന്നാണ് തട്ടിപ്പിനുളള സാഹചര്യമൊരുക്കിയത്.