ബംഗ്ലാദേശില്‍ താരിഖ് റഹ്‌മാന്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെ 13 രാഷ്ട്രതലവന്‍മാര്‍ക്ക് ക്ഷണം

Update: 2026-02-15 12:01 GMT

ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി(ബിഎന്‍പി)ചെയര്‍പേഴ്‌സണ്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബംഗ്ലാദേശ് സര്‍ക്കാര്‍ ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം 13 രാഷ്ട്രതലവന്‍മാരെ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറമെ ചൈന, സൗദി അറേബ്യ, തുര്‍ക്കി, ഇന്ത്യ, പാകിസ്താന്‍, യുഎഇ, ഖത്തര്‍, മലേഷ്യ, ബ്രൂണൈ, ശ്രീലങ്ക, നേപ്പാള്‍, മാലിദ്വീപ്, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളെയാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനായി ഇതുവരെ ക്ഷണിച്ചിട്ടുള്ളത്. ഫെബ്രുവരി 12നായിരുന്നു ബംഗ്ലാദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.

മോദിക്ക് ക്ഷണം ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുംബൈയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനൊപ്പം മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ഉണ്ടാകില്ലെന്നാണ് വിവരം. പകരം, വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറോ ഉപരാഷട്രപതി സി പി രാധാകൃഷ്ണനോ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചേക്കും.

ബിഎന്‍പി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞയാകും ചൊവ്വാഴ്ച രാവിലെ നടക്കുക, തുടര്‍ന്ന് പുതിയ പ്രധാനമന്ത്രിയുടേയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞ നടക്കും. പൊതു തിരഞ്ഞെടുപ്പിന് ശേഷമുള്ള ഭരണഘടനാപരമായ മാറ്റത്തെ അടിവരയിട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എഎംഎം നാസിറുദ്ദീനാണ് താരിഖ് റഹ്‌മാന് സത്യവാചകം ചൊല്ലി കൊടുക്കുക. ഫെബ്രുവരി 17 നെ 'ബംഗ്ലാദേശിന് ഒരു ചരിത്ര ദിനമായി' ബിഎന്‍പി വിശേഷിപ്പിച്ചു.

ബംഗ്ലാദേശ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയതിനു പിന്നാലെ നരേന്ദ്ര മോദി താരിഖ് റഹ്‌മാനെ അഭിനന്ദിച്ച് ഫോണില്‍ സംസാരിച്ചിരുന്നു. ഈ വിജയം ബംഗ്ലാദേശിലെ ജനങ്ങള്‍ക്ക് താരിഖ് റഹ്‌മാന്റെ നേതൃത്വത്തോടുള്ള വിശ്വാസത്തെ കാണിക്കുന്നുവെന്നും ജനാധിപത്യ ബംഗ്ലാദേശിനുള്ള പിന്തുണ ഇന്ത്യ തുടരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. താരിഖുമായി സംസാരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ വിജയത്തില്‍ അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും പ്രധാനമന്ത്രി ഇന്നലെ എക്‌സില്‍ കുറിച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സമീപനത്തിന് നന്ദി പറഞ്ഞുകൊണ്ട് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയും രംഗത്തെത്തിയിരുന്നു. ബഹുമാനപ്പെട്ട നരേന്ദ്ര മോദി, വളരെ നന്ദി. ദേശീയ തിരഞ്ഞെടുപ്പില്‍ ബിഎന്‍പിയുടെ നിര്‍ണായക വിജയം ഉറപ്പാക്കുന്നതില്‍ താരിഖ് റഹ്‌മാന്റെ നേതൃത്വത്തെ അംഗീകാരിച്ചതില്‍ നന്ദി പ്രകടിപ്പിക്കുന്നുവെന്ന് എക്‌സിലൂടെ പാര്‍ട്ടി വ്യക്തമാക്കി.

പതിനെട്ട് മാസം നീണ്ട മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനുശേഷമാണ് ബംഗ്ലാദേശ് വീണ്ടും ജനാധിപത്യ ഭരണത്തിലേക്ക് മടങ്ങുന്നത്. 300 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമായ 151 സീറ്റും കടന്നാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റം. ജമാഅത്തെ ഇസ് ലാമി സഖ്യം 70 ഓളം സീറ്റുകളില്‍ ഒതുങ്ങി. ബംഗ്ലാദേശ് മുന്‍പ്രസിഡന്റ് സിയാവൂര്‍ റഹ്‌മാന്റെയും ഖാലിദാ സിയുടെയും മകനാണ് താരിഖ് റഹ്‌മാന്‍. 60 വയസുള്ള താരിഖ് റഹ്‌മാന്‍ 17 വര്‍ഷത്തെ യുകെ ജീവിതത്തിന് ശേഷമാണ് ബംഗ്ലാദേശിലേക്ക് തിരിച്ചെത്തിയത്. 60.69 ശതമാനം പോളിങ്ങാണ് തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പില്‍ വിലക്കുണ്ടായിരുന്നതിനാല്‍ മല്‍സരിച്ചിരുന്നില്ല.

Tags: