ധാക്ക: ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ചെയര്‍പേഴ്സണുമായ ബീഗം ഖാലിദ സിയ(80)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ധാക്കയിലെ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ അവര്‍ നേരിടുന്നുണ്ടായിരുന്നു. ലിവര്‍ സിറോസിസ്, ആര്‍ത്രൈറ്റിസ്, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയെത്തുടര്‍ന്ന് നവംബര്‍ 23നാണ് അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡിസംബര്‍ 11 മുതല്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ചികില്‍സയ്ക്കായി എത്തിയിരുന്നു.
ഖാലിദ സിയയുടെ മരണവിവരം ബംഗ്ലദേശ് നാഷനിലിസ്റ്റ് പാര്‍ട്ടിയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. ബംഗ്ലദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് സിയ. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സിയ നേരിട്ടത്. തുടര്‍ന്ന് വിദേശത്തേക്ക് വിദഗ്ധ ചികില്‍സയ്ക്കായി കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും അതിനുള്ള ആരോഗ്യസ്ഥിതിയില്‍ അല്ലാതിരുന്നതിനാല്‍ ബംഗ്ലദേശില്‍ തന്നെ ചികില്‍സ തുടരുകയായിരുന്നു.
മുന്‍ പട്ടാളമേധാവിയും പ്രസിഡന്റും ഭര്‍ത്താവുമായിരുന്ന സിയാവുര്‍ റഹ്‌മാന്‍ 1981ല്‍ കൊല്ലപ്പെട്ടതോടെയാണ് ഖാലിദയുടെ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 1991ലെ തിരഞ്ഞെടുപ്പില്‍ ഷെയ്ഖ് ഹസീനയെ പരാജയപ്പെടുത്തി ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അവര്‍ സത്യപ്രതിജ്ഞ ചെയ്തു. 1991-1996, 2001-2006 എന്നീ കാലഘട്ടങ്ങളില്‍ അവര്‍ പ്രധാനമന്ത്രി പദം അലങ്കരിച്ചു. പ്രസിഡന്‍ഷ്യല്‍ ഭരണത്തില്‍ നിന്നു പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് രാജ്യത്തെ മാറ്റിയത് ഖാലിദയാണ്.
2018ല്‍ അഴിമതിക്കേസുകളില്‍ ശിക്ഷിക്കപ്പെട്ട് അവര്‍ ജയിലിലായി. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാല്‍ ശിക്ഷ മരവിപ്പിക്കുകയായിരുന്നു. 2024 ആഗസ്റ്റില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ രാജിവച്ച് പലായനം ചെയ്തതിനു പിന്നാലെ അവര്‍ പൂര്‍ണ്ണമായും ജയില്‍ മോചിതയായി. 2025ല്‍ ബംഗ്ലാദേശ് സുപ്രിംകോടതി അവരെ എല്ലാ കേസുകളില്‍ നിന്നും കുറ്റവിമുക്തയാക്കിയിരുന്നു. ഖാലിദ സിയയുടെ നിര്യാണത്തില്‍ രാജ്യവ്യാപകമായി അനുശോചനം രേഖപ്പെടുത്തി. അവരുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വെച്ച ശേഷം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.
