പ്രളയം: ബംഗ്ലാദേശില്‍ 54 മരണം, പ്രളയബാധിതര്‍ 24 ലക്ഷമെന്ന്‌ ഐക്യരാഷ്ട്ര സഭ

Update: 2020-07-22 01:33 GMT

ന്യൂയോര്‍ക്ക്‌: ദിവസങ്ങളായി തുടരുന്ന പ്രളയത്തില്‍ ബംഗ്ലാദേശില്‍ ഇതുവരെ 54 പേര്‍ക്ക്‌ ജീവഹാനിയുണ്ടായതായി ഐക്യരാഷ്ട്രസഭ. 1988 നു ശേഷം രാജ്യം കണ്ട ഏറ്റവും തീവ്രമായ പ്രളയം 24 ലക്ഷം പേരെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌. നിരവധി പേര്‍ ഭവനരഹിതരായി.

യുഎന്‍ സെക്രട്ടറി ജനറലിന്റെ വക്താവ്‌ സ്റ്റീഫന്‍ ദുജാറിക്‌ നല്‍കിയ വിവരമനുസരിച്ച്‌ 56,000 പേരെ സര്‍ക്കാരിന്റെ താല്‍ക്കാലിക പ്രളയ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക്‌ മാറ്റിയിട്ടുണ്ട്‌.

യുഎന്‍ രാജ്യത്ത്‌ ഭക്ഷണവും ശുദ്ധജലവും വിതരണം ചെയ്യുന്നതിനുള്ള നീക്കം നടത്തുന്നുണ്ട്‌. യുഎന്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്‌ ഫണ്ടില്‍ നിന്ന്‌ വീട്‌ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക്‌ 52 ലക്ഷം ഡോളര്‍ അനുവദിച്ചു. പ്രളയബാധിതരായ കുടുംബങ്ങള്‍ക്കാവശ്യമായ ചികില്‍സാ കിറ്റ്‌, കാര്‍ഷിക ഉപകരണങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കല്‍ തുടങ്ങിയവയ്‌ക്കു വേണ്ടി ഈ തുക വിനിയോഗിക്കും.

കൊവിഡ്‌ വ്യാപനത്തിന്റെയും നേരത്തെ അനുഭവപ്പെട്ട അംപന്‍ ചുഴലിക്കാറ്റിന്റെയും കൂടെ പ്രളയം രാജ്യത്തെ വലിയ പ്രതിസന്ധിയിലെത്തിച്ചതായാണ്‌ യുഎന്‍ വിലയിരുത്തല്‍. അംപന്‍ കഴിഞ്ഞ മെയിലാണ്‌ ബംഗ്ലാദേശിന്റെ തീരപ്രദേശത്തെ ആക്രമിച്ചത്‌.

1988 ല്‍ നടന്ന പ്രളയത്തില്‍ ബംഗ്ലാദേശില്‍ 500 പേര്‍ മരിച്ചിരുന്നു, അന്ന്‌ പ്രളയബാധിതരുടെ എണ്ണം 2.5 കോടിയായിരുന്നു.


Tags: