ബെംഗളൂരു; എയര്‍ ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്‌ക്കെന്ന് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Update: 2022-01-19 14:02 GMT

ന്യൂഡല്‍ഹി: ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന രണ്ട് ഇന്‍ഡിഗോ വിമാനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണെന്ന് ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ജനുവരി ഒമ്പതിനു നടന്ന സംഭത്തെക്കുറിച്ചുള്ള പ്രാഥമിക റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. രണ്ട് വിമാനങ്ങളും ആകാശത്ത് പാലിക്കേണ്ട അകലം പാലിച്ചിരുന്നില്ലെന്നും ബ്രീച്ച് ഓഫ് സെപറേഷന്‍ നടന്നതായും അധികൃതര്‍ പറയുന്നു. വിമാനങ്ങള്‍തമ്മില്‍ പാലിക്കേണ്ട സുരക്ഷിതമായ അകലം ലംഘിക്കുന്നതിനെയാണ് ബ്രീച്ച് ഓഫ് സെപറേഷന്‍ എന്ന് പറയുന്നത്.

ജനുവരി 9ന് അഞ്ച് മിനിറ്റിന്റെ വ്യത്യാസത്തിനാണ് രണ്ട് വിമാനങ്ങളും പറന്നുയര്‍ന്നത്.

സിഇ 455 ബെംഗളൂരു- കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനവും 6ഇ 246 ബെംഗളൂരു- ഭുവനേശ്വര്‍ വിമാനവുമാണ് അപകടകരമായ രീതിയില്‍ അടുത്തുവന്നത്. രണ്ടും എയര്‍ ബസ് എ320 വിമാനങ്ങളാണ്.

ബെംഗളൂരുവില്‍ രണ്ട് റണ്‍വേകളാണ് ഉള്ളത്, വടക്കും തെക്കും.

റണ്‍വേയുടെ ഇന്‍ചാര്‍ജ് ഉള്ളവര്‍ ഇറങ്ങാനും പറന്നുപൊങ്ങാനും ഒരേ റണ്‍വേ ഉപയോഗിക്കാന്‍ തീരുമാനിച്ചു. തെക്ക് ദിശയിലുളള റണ്‍വേ അടച്ചു. പക്ഷേ, അത് തെക്ക് ഭാഗത്തെ ടവറിന്റെ ചുമതലയുളളവരെ അറിയിച്ചിരുന്നില്ല.

തെക്ക് ഭാഗത്തുള്ള ടവറിന്റെ ചുമതലയുള്ളവര്‍ കൊല്‍ക്കത്തയിലേക്കുള്ള വിമാനം പറന്നുപൊങ്ങാന്‍ അനുമതി നല്‍കി. അതേ സമയം വടക്ക് ടവറിലുള്ളവര്‍ ഭുവനേശ്വര്‍ വിമാനത്തിനും സമാനമായ അനുമതി നല്‍കി. രണ്ട് ടവറുകളിലെയും സാങ്കേതിക വിദഗ്ധര്‍ തമ്മിലുള്ള ഏകോപനം നഷ്ടപ്പെട്ടതോടെ വിമാനങ്ങള്‍ക്കിടയിലുള്ള അകലം ക്രമീകരിക്കാനായില്ല. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കിയിലുള്ള ധാരണക്കുറവാണ് അനിഷ്ടസംഭവങ്ങളുണ്ടാവാനുള്ള സാധ്യതയിലേക്ക് നയിച്ചത്.

ഒരേ ദിശയില്‍ രണ്ട് വിമാനങ്ങള്‍ പറന്നുപൊങ്ങാന്‍ സാധാരണ അനുവദിക്കാറില്ല. അതാണ് ഇത്തവണ തെറ്റിയത്.

ഒരേ ദിശയില്‍ രണ്ട് വിമാനങ്ങല്‍ പറന്നുപൊങ്ങിയത് കൂട്ടിയിടിക്ക് സാധ്യതയുണ്ടാക്കിയെങ്കിലും റഡാര്‍ കണ്‍ട്രോളര്‍ ദിശമാറ്റാനുള്ള നിര്‍ദേശം നല്‍കിയതുകൊണ്ട് ആകാശത്തുവച്ചുള്ള കൂട്ടിയിടി ഒഴിവായി.

ഈ സംഭവം ലോഗ് ബുക്കില്‍ രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ഡിജിസിഎ അറിയിച്ചു.

ബെംഗളൂരു കൊല്‍ക്കത്ത വിമാനത്തില്‍ 176 യാത്രക്കാരും 6 ജോലിക്കാരും ബെംഗളൂരു ഭവനേശ്വര്‍ വിമാനത്തില്‍ 238 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അതായത് 426 പേര്‍.

Tags: