ബജ്‌റങ് ദള്‍ നേതാവിന്റെ കൊല; സുഹാസ് ഷെട്ടിയും സംഘവും കൊന്ന ഫാസിലിന്റെ സഹോദരനും സുഹൃത്തുക്കളും അടക്കം എട്ടു പേര്‍ അറസ്റ്റില്‍
മംഗളൂരു: മംഗളൂരു സുഹാസ് ഷെട്ടി കൊലപാതകത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍.സൂറത്കല്ലില്‍ സുഹാസ് ഷെട്ടിയും സംഘവും വെട്ടിക്കൊന്ന ഫാസിലിന്റെ സഹോദരനും സുഹൃത്തുക്കളുമാണ് പിടിയിലായത്. അബ്ദുള്‍ സഫ്വാന്‍(29), നിയാസ്(28), മുഹമ്മദ് മുസമ്മില്‍(32), രഞ്ജിത്ത് ആദി (19), ഖലന്ദര്‍ ഷാഫി (31), നാഗരാജ് (20) , മുഹമ്മദ് റിസ്വാന്‍ (28) ആദില്‍ മെഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.
കൊലയാളികളെ പിടികൂടാന്‍ പോലിസ് അഞ്ച് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ചിരുന്നു. പ്രതികളില്‍ ഒരാള്‍ (നാഗരാജ്) വൊക്കലിഗ ഗൗഡ സമുദായത്തില്‍പ്പെട്ടയാളും മറ്റൊരാള്‍ (രഞ്ജിത്ത് ആദി) പട്ടികജാതി സമുദായത്തില്‍ പെട്ടയാളുമാണ്.എല്ലാ പ്രതികളെയും ചോദ്യം ചെയ്തുവരികയാണ്, മംഗളൂരു ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചു.
മുമ്പ് ബജ്‌റങ് ദള്‍ നേതാവായിരുന്നു കൊല്ലപ്പെട്ട സുഹാസ് ഷെട്ടി, സുറത്കല്‍ ഫാസില്‍ കൊലക്കേസിലെ പ്രധാന പ്രതിയായിരുന്നു. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. ബിജെപി യുവ പ്രവര്‍ത്തകന്‍ പ്രവീണ്‍ കുമാര്‍ നെട്ടാരുവിന്റെ കൊലപാതകത്തിനുള്ള പ്രതികാരമായി 2022 ജൂലൈ 28 ന് ഷെട്ടിയും കൂട്ടാളികളും ചേര്‍ന്ന് ഫാസിലിനെ പൊതുസ്ഥലത്ത് വെച്ച് കൊലപ്പെടുത്തുകയായിരുന്നു. നെട്ടാരുവിന്റെ കൊലപാതകം നിരവധി പ്രതികാര കൊലപാതകങ്ങള്‍ക്ക് കാരണമായി. മംഗളൂരു പൊലിസിന്റെ റൗഡി പട്ടികയിലുള്‍പ്പെട്ടയാളുമായിരുന്നു സുഹാസ് ഷെട്ടി.
സുഹാസ് ഷെട്ടി വെട്ടേറ്റു മരിച്ചതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് ആറു വരെയാണ് നിരോധനാജ്ഞ. പൊതുസമ്മേളനങ്ങള്‍, ഘോഷയാത്രകള്‍, മുദ്രാവാക്യങ്ങള്‍ വിളിക്കല്‍ എന്നിവ നിരോധിച്ചു. അശാന്തിക്ക് കാരണമായേക്കാവുന്ന പ്രകോപനപരമായ പോസ്റ്ററുകള്‍, ചിത്രങ്ങള്‍, തുടങ്ങിയവ സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്.
