ജാമ്യോപാധിയുടെ ലംഘനം കോടതിയെ അറിയിക്കും; പിസി ജോര്‍ജിനെതിരേ നിയമനടപടിയ്‌ക്കൊരുങ്ങി ഫോര്‍ട്ട് പോലിസ്

പോലിസ് വിളിച്ചിട്ടും ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് വിലയിരുത്തല്‍

Update: 2022-05-29 08:50 GMT

തിരുവനന്തപുരം: പിസി ജോര്‍ജിനെതിരേ നിയമ നടപടിക്കൊരുങ്ങി തിരുവനന്തപുരം ഫോര്‍ട്ട് പോലിസ്. പോലിസ് വിളിച്ചിട്ടും ജോര്‍ജ് ഹാജരാകാത്തത് ജാമ്യ ഉപാധിയുടെ ലംഘനമെന്നാണ് വിലയിരുത്തല്‍. ഇക്കാര്യം കോടതിയെ അറിയിക്കും.

ജോര്‍ജ്ജ് ഫോര്‍ട്ട് പോലിസിന് മുന്‍പില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇന്നലെ പോലിസ് നോട്ടീസ് അയച്ചിരുന്നു. എന്നാല്‍, നോട്ടീസിന് മറുപടി നല്‍കാതെ തൃക്കാക്കരയ്ക്ക് പോയ പശ്ചാത്തലത്തിലാണ് പോലിസ് നിയമനടപടയ്ക്ക് ഒരുങ്ങുന്നത്.

പിണറായി വിജയന് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി സി ജോര്‍ജ് ഇന്ന് വെല്ലുവിളിച്ചിരുന്നു. പോലിസ് നോട്ടീസ് തള്ളി തൃക്കാക്കരയിലെത്തിയപ്പോഴാണ് പിസി ജോര്‍ജ് മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. ബിജെപിയ്ക്കായി പ്രചാരണം നടത്താനെത്തിയ പിസി ജോര്‍ജ് പിണറായിയുടെ വൃത്തികെട്ട രാഷ്ട്രീയമാണ് തന്റെ അറസ്റ്റിന് പിന്നിലെന്നും ആരോപിച്ചിരുന്നു.

പിണറായിയുടേത് സ്റ്റാലിനിസമാണെന്ന് പറഞ്ഞ പിസി ജോര്‍ജ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒരേ നിലപാടാണെന്ന് ആവര്‍ത്തിച്ചു. യുഡിഎഫിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിക്കുന്നത് സതീശന്‍ ആയിരിക്കുമെന്നും കമ്മ്യൂണിസ്റ്റുകാര്‍ പീഡിപ്പിക്കുന്നതു പോലെ ക്രിസ്ത്യാനികളെ ബിജെപി പിഡിപ്പിക്കുന്നില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. 

Tags:    

Similar News