ബഹ്‌റൈനില്‍ ഹിന്ദു ദൈവങ്ങളുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ കേസെടുത്തു; ബാബറി മസ്ജിദ് തകര്‍ത്ത ഇന്ത്യയിലോ?
മനാമ: വ്യാപാരസ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദുദൈവങ്ങളുടെ പ്രതിമകള്‍ തകര്‍ത്ത സ്ത്രീക്കെതിരേ ബഹ്‌റൈന്‍ പോലിസ്. പ്രതിമകള്‍ തകര്‍ക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലായതിനെ തുടര്‍ന്നാണ് നടപടി.
ജുഫൈറിലെ ഒരു കടയില്‍ വില്‍പ്പനയ്ക്ക് വച്ച ദൈവങ്ങളുടെ പ്രതിമകളാണ് കടയിലെത്തിയ രണ്ട് സ്ത്രീകളിലൊരാള്‍ തകര്‍ത്തത്. ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പോലിസ് ഡയറക്ടര്‍ ജനറലാണ് 54 കാരിയായ സ്ത്രീക്കെതിരേ നടപടിയെടുത്ത കാര്യം അറിയിച്ചത്. വ്യാപാരസ്ഥാപനത്തില്‍ നാശനഷ്ടം വരുത്തിയതിനും ഇതര മതവിശ്വാസത്തെ അപമാനിച്ചതിനുമാണ് കേസ്.
ബഹ്‌റൈനിലെ പ്രതിമ തകര്‍ക്കല്‍ സംഭവത്തിനെതിരേ വലിയ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. എന്താണ് ബെഹ്‌റൈനില്‍ സംഭവിക്കുന്നതെന്നാണ് നടുക്കത്തോടെ പല ട്വിറ്റര്‍ അക്കൗണ്ടുകളും പ്രതികരിച്ചത്. സംവിധായകനായ വിവേക് അഗ്നിഹോത്രി സംഭവം അവിശ്വസനീയമെന്ന് പ്രതികരിച്ചു.
അതേസമയം മറ്റ് ചില ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഈ സംഭവം ഇന്ത്യയിലെ ബാബറി മസ്ജിദ് സംഭവവുമായി താരതമ്യപ്പെടുത്തി വിശകലനം ചെയ്തു. താജുദ്ദീന്‍ പൊതിയില്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതികരിച്ച രീതിയെയും ബാബറി മസ്ജിദ് തകര്‍ക്കലുമായി ബന്ധപ്പെട്ട് മറ്റ് രാജ്യങ്ങളിലെ അനിഷ്ടസംഭവങ്ങളോട് അവിടത്തെ സര്‍ക്കാരുകള്‍ പ്രതികരിച്ചതുമായി താരതമ്യം ചെയ്തു. 70 വര്‍ഷത്തെ കുടിയേറ്റ ചരിത്രമുള്ള ബഹ്‌റൈനില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്ന് അദ്ദേഹം എഴുതി. ബഹ്‌റൈന്‍ ആ സ്ത്രീയെ മാതൃകാപരമയി ശിക്ഷിക്കാനാണ് ശ്രമിച്ചതെന്നും അത് ഇന്ത്യന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും സൂചിപ്പിച്ചു. ഇസ്ലാമിക രാജ്യമായ ബഹ്‌റൈനില്‍ യുഎസ് അംബാസിഡറായി ജൂത വനിതയെ നിയമിച്ച ചരിത്രമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം മോദി പ്രധാനമന്ത്രിയായ ശേഷം നിരവധി മനുഷ്യരെ ജയ്ശ്രീം വിളിക്കാനാവശ്യപ്പെട്ട് സംഘപരിവാറുകാര്‍ കൊല്ലുകയുണ്ടായി. ആരും ശിക്ഷിക്കപ്പെട്ടില്ല. പല കേസിലും മരിച്ചവര്‍ പ്രതിചേര്‍ക്കപ്പെട്ടു.
''ഗുജറാത്ത് കലാപത്തില്‍ തകര്‍ക്കപ്പെട്ട നൂറോളം പള്ളികളും ദര്‍ഗകളും സര്‍ക്കാര്‍ പുനര്‍നിര്‍മിക്കണം എന്ന് ആവശ്യപ്പെട്ടു മുസ്ലിം സംഘടനകള്‍ കോടതിയെ സമീപിപ്പിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി മോഡി കോടതിയോട് പറഞ്ഞത് പള്ളികള്‍ തകര്‍ന്നതിനു സര്‍ക്കാരിന് പങ്കില്ലാത്തതു കൊണ്ട് സര്‍ക്കാര്‍ പുനര്‍നിര്‍മിക്കില്ല എന്നാണു. ബാബരി മസ്ജിദ് തകര്‍ന്നതിനെ തുടര്‍ന്ന് ബംഗ്‌ളാദേശില്‍ തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ മുഴുവനും പുനര്‍നിര്‍മിച്ചു നല്‍കിയത് ബംഗ്‌ളാദേശ് സര്‍ക്കാരാണ്''- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ സര്‍ക്കാരിന്റെ വംശീയ ചിന്തയെ തുറന്നുകാട്ടുന്ന അവസരമായി ഇതു മാറിയെന്ന് മറ്റ് ചിലര്‍ പ്രതികരിച്ചു.

