ഗള്‍ഫില്‍ ആദ്യ കൊവിഡ് മരണം ബഹ്‌റയ്‌നില്‍
രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 65 വയസ്സുകാരിയാണ് മരിച്ചത്
മനാമ: കൊവിഡ് 19 ബാധിച്ച് ഗള്‍ഫ് മേഖലയിലെ ആദ്യ മരണം ബഹ്‌റയ്‌നില്‍ നിന്ന് റിപോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികില്‍സയിലായിരുന്ന 65 വയസ്സുകാരിയാണ് മരിച്ചതെന്ന് ബഹ്‌റയ്ന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫെബ്രുവരി അവസാനം ഇറാനില്‍ നിന്ന് മടങ്ങിയെത്തിയതാണ് ഇവര്‍. ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്ന ഇവര്‍ക്ക് 24 മണിക്കൂറും ചികില്‍സ ലഭ്യമാക്കിയിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗബാധിതരായിരുന്ന 17 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. 15 ബഹ്‌റയ്ന്‍ സ്വദേശികളും ഓരോ ലെബനീസ്, സൗദി പൗരന്മാരുമാണ് രോഗമുക്തി നേടി ഇന്ന് ആശുപത്രി വിട്ടത്. ഈ ആശ്വാസത്തില്‍ നില്‍ക്കുമ്പോഴാണ് ആദ്യ മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. 143 പേര്‍ക്കായിരുന്നു രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതുവരെയായി 77 പേര്‍ രോഗമുക്തരായി. രോഗം പടരുന്നത് തടയാനായി കര്‍ശന നിയന്ത്രണങ്ങളാണ് ബഹ്‌റയ്ന്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്.
ഗള്‍ഫ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഖത്തറിലാണ്. 401 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഖത്തറിനു പിന്നില്‍ ബഹ്‌റയ്‌നാണ്. കുവൈത്തില്‍ 123 പേര്‍ക്കും സൗദി അറേബ്യയില്‍ 118 പേര്‍ക്കും യുഎഇയില്‍ 98 പേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു രാജ്യത്തും മരണം റിപോര്‍ട്ട് ചെയ്തിരുന്നില്ല.
രോഗബാധയെ തുര്‍ന്ന് നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പള്ളികളിലും മാളുകളിലുമെല്ലാം കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുകയോ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങി നടക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
