ചുഴലിക്കാറ്റിനൊപ്പം അവള്‍ പിറന്നു; ഒഡീഷയുടെ ബേബി ഫോനി

Update: 2019-05-03 13:11 GMT

ഭുവനേശ്വര്‍: സംഹാരതാണ്ഡവമാടുന്ന ഫോനി ചുഴലിക്കാറ്റിനൊപ്പം കരഞ്ഞുകൊണ്ടാണവള്‍ പിറന്നുവീണത്. കൊടുങ്കാറ്റിനൊപ്പം പിറന്നവളായതിനാലാകാം ഫോനി എന്നതല്ലാതെ മറ്റൊരു പേരും അവള്‍ക്ക് ചേരില്ലെന്ന് അമ്മ മനസ്സിലാക്കിയത്. അവളുടെ കാതുകളില്‍ അവര്‍ പതുക്കെ മന്ത്രിച്ചു. ബേബി ഫോനി. വെള്ളിയാഴ്ച രാവിലെ 11.03ന് ഭുവനേശ്വറിലെ റെയില്‍വേ ആശുപത്രിയിലായിരുന്നു ഫോനിയുടെ ജനനം. കുട്ടിയുടെ അമ്മ റെയില്‍വെ ജീവനക്കാരിയാണ്. മഞ്ചേശ്വറിലെ കോച്ച് റിപ്പയര്‍ വര്‍ക്ക്‌ഷോപ്പില്‍ സഹായിയാണ് ഇവര്‍. കൊടുങ്കാറ്റ് ശമിച്ചിട്ടില്ലെങ്കിലും ബേബി ഫോനി ശാന്തയാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.