അഴീക്കോട് മുനമ്പം പാലം നിര്‍മ്മാണം അതിവേഗം തുടങ്ങും; ഏപ്രിലില്‍ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

Update: 2022-02-12 14:23 GMT

തൃശൂര്‍: ജില്ലയുടെ സ്വപ്ന പദ്ധതിയായ അഴീക്കോട്-മുനമ്പം പാലം നിര്‍മ്മാണം വേഗത്തില്‍ തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. സ്ഥലമേറ്റെടുപ്പ് ഏപ്രിലില്‍ പൂര്‍ത്തീകരിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ തൃശൂര്‍ എറണാകുളം ജില്ലകളിലെ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തൃശൂര്‍ ജില്ലയിലെ കയ്പമംഗലം നിയോജകമണ്ഡലത്തിലെ അഴീക്കോടിനേയും എറണാകുളം ജില്ലയിലെ വൈപ്പിന്‍ നിയോജകമണ്ഡലത്തിലെ മുനമ്പത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അഴീക്കോട് മുനമ്പം പാലം പണി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഫിഷറീസ് വകുപ്പുമായി സ്ഥലമേറ്റെടുക്കലില്‍ ധാരണയിലെത്തി. മുനമ്പം ഭാഗത്തെ ജങ്കാര്‍ ജെട്ടി മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കും.

അഴീക്കോട് മുനമ്പം പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മുനമ്പത്ത് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാനും തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. ഇതോടെ ഈ മേഖലയിലെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ പാലങ്ങളിലൊന്നെന്ന രീതിയിലാണ് അഴീക്കോട് മുനമ്പം പാലം വിഭാവനം ചെയ്തിരിക്കുന്നത്. തീരദേശ വികസനത്തിനും വിനോദസഞ്ചാര മേഖലയ്ക്കും ഏറെ പ്രയോജനമാകുന്ന അഴീക്കോട് മുനമ്പം പാലം നിര്‍മാണത്തിന് കിഫ്ബി 2017 18 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭരണാനുമതി നല്‍കിയായത്.

തൃശൂര്‍ ജില്ലാ കലക്ടറേറ്റ് വീഡിയോ കോണ്‍ഫറന്‍സ് റൂമില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ എം എല്‍ എ മാരായ ഇ ടി ടൈസന്‍ മാസ്റ്റര്‍, കെ എന്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, എറണാകുളം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, ഡെപ്യൂട്ടി കലക്ടര്‍മാര്‍, സ്‌പെഷല്‍ തഹസില്‍ദാര്‍മാര്‍,

കെ ആര്‍ എഫ് ബി അസി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സജിത്ത് ഇ ഐ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മാജ, ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Tags: