അഴീക്കോട് മുനമ്പം പാലം: ഫിഷറീസ് വകുപ്പ് ഭൂമി വിട്ട് നല്‍കും

അപ്രോച്ച് റോഡ് കടന്ന് വരുന്ന ഫിഷറീസ് വകുപ്പിന്റെ 49.5 സെന്റ് സ്ഥലമാണ് വിട്ടു കൊടുക്കുവാന്‍ തീരുമാനമായത്.

Update: 2021-03-02 10:22 GMT
മാള (തൃശ്ശൂര്‍): തീരദേശവാസികളുടെ ചിരകാല സ്വപ്‌നമായ അഴീക്കോട് -മുനമ്പം പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി ഫിഷറീസ് വകുപ്പ് ഭൂമി വിട്ടു നല്‍കും. അപ്രോച്ച് റോഡ് കടന്ന് വരുന്ന ഫിഷറീസ് വകുപ്പിന്റെ 49.5 സെന്റ് സ്ഥലമാണ് വിട്ടു കൊടുക്കുവാന്‍ തീരുമാനമായത്. പകരം മുനക്കല്‍ ബീച്ചില്‍ തുറമുഖ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്തില്‍ നിന്ന് തുല്ല്യ അളവില്‍ ഫിഷറീസ് വകുപ്പിന് സ്ഥലം വിട്ടുനല്‍കും. എല്ലാ വകുപ്പുകളില്‍ നിന്നും അനുകൂല നടപടികളാണ് ഉണ്ടാകുന്നതെന്ന് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ പറഞ്ഞു.


പാലം നിര്‍മ്മാണത്തിന്റെ തുടര്‍നടപടികള്‍ക്കായി തിരുവനന്തപുരത്ത് മന്ത്രിമാരായ മേഴ്‌സിക്കുട്ടി അമ്മ, കടന്നപ്പിള്ളി രാമചന്ദ്രന്‍ എന്നിവരുമായി എംഎല്‍എ നേരത്തെ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഫിഷറീസ് വകുപ്പിന്റെ സ്ഥലം അപ്രോച്ച് റോഡ് നിര്‍മാണത്തിന് വിട്ട് നല്‍കാനും പകരം അതേ അളവിലുള്ള ഭൂമി ഫിഷറീസ് വകുപ്പിന് തുറമുഖ വകുപ്പ് പകരം നല്‍കാനും ധാരണയായത്. തുടര്‍ന്ന് റവന്യൂ വകുപ്പും ഫിഷറീസ് വകുപ്പും അഴീക്കോട് മുനക്കലില്‍ സ്ഥലം സന്ദര്‍ശിച്ചു. പിഡബ്ല്യുഡി രൂപകല്പന ചെയ്ത പാലത്തിന്റെ ഡിസൈനും അനുബന്ധ പ്രവൃത്തികളും പൊതുമരാമത്ത് പാലം വിഭാഗവും കിഫ്ബി ഉദ്യോഗസ്ഥരും നേരത്തെ പരിശോധിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.


കയ്പമംഗലം നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ ഒന്നാമതാണ് അഴീക്കോട് മുനമ്പം പാലം. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയില്‍ നിന്ന് തൃശൂര്‍ ജില്ലയിലേക്കുള്ള എളുപ്പമാര്‍ഗമാകും ഈ പാലം. അഴീക്കോട് നിന്ന് കേരളത്തിന്റെ വടക്കന്‍ മേഖലകളിലേക്ക് ഏറ്റവും എളുപ്പമാര്‍ഗത്തില്‍ എത്തിച്ചേരാനും തെക്കന്‍ ജില്ലകളില്‍നിന്ന് വൈപ്പിന്‍കര വഴി ഗതാഗത കുരുക്കുകളില്ലാതെ കടന്നുപോകാനും സാധിക്കും. തീരദേശത്തെ മത്സ്യ വ്യവസായവും അഭിവൃദ്ധി പ്രാപിക്കും.


ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ സലിംകുമാര്‍, തഹസില്‍ദാര്‍ കെ രേവ, വില്ലേജ് ഓഫീസര്‍ സക്കീര്‍ തുടങ്ങിയവര്‍ സന്ദര്‍ശന സംഘത്തില്‍ ഉണ്ടായിരുന്നു




Tags:    

Similar News