ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത് വ്യക്തിയായി അസാങ് വാങ്കഡെ

Update: 2025-06-11 06:55 GMT
ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത് വ്യക്തിയായി അസാങ് വാങ്കഡെ

ന്യൂഡല്‍ഹി: ഓക്‌സ്‌ഫോര്‍ഡില്‍ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ദലിത് വ്യക്തിയായി അസാങ് വാങ്കഡെ. ജാതി അടിസ്ഥാനമായി നല്‍കുന്ന സംവരണത്തെ പ്രതിപാതിക്കുന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്. ഉയര്‍ന്ന ജാതിക്കാര്‍ക്ക് അനുകൂലമായി ഇന്ത്യയില്‍ സംവരണം വര്‍ധിപ്പിക്കുന്നതിനെതിരേ തന്റെ ഗവേഷണത്തിലൂടെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ഡോക്ടറേറ്റ് കിട്ടിയ സന്തോഷം അസാങ് വാങ്കഡെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പങ്കു വെച്ചു.

ഫെയ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം......

ഉയര്‍ന്ന ജാതിക്കാര്‍ക്കും മിഡില്‍ ക്ലാസിനും അനുകൂലമായി സംവരണസീറ്റ് വര്‍ധിപ്പിക്കുന്നതിനെ വിമര്‍ശിക്കുന്ന എന്റെ പ്രബന്ധം വിജയകരമായി പൂര്‍ത്തിയാക്കി. ഭീം നഗര്‍ ചേരിയില്‍ നിന്ന് ഓക്‌സ്‌ഫോര്‍ഡിലേക്കുള്ള യാത്ര അങ്ങനെ അവസാനിച്ചു. ഓക്‌സ്‌ഫോര്‍ഡില്‍ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയ ആദ്യത്തെ ദലിത് വ്യക്തി എന്നതില്‍ ഞാന്‍ ഇപ്പോള്‍ അഭിമാനിക്കുകയാണ്.

എന്റെ ഡോക്ടറല്‍ സൂപ്പര്‍വൈസര്‍ ബാര്‍ബറ ഹാവല്‍കോവ ഇല്ലായിരുന്നെങ്കില്‍ ഈ യാത്ര സാധ്യമാകുമായിരുന്നില്ല എന്നു തന്നെ പറയാം. ഇപ്പോള്‍ ഡോക്ടറേറ്റില്‍ എത്തി നില്‍ക്കുന്ന ആ യാത്രയില്‍ ബാര്‍ബറയുടെ പിന്തുണ എന്നെ ബൗദ്ധികമായി പരിവര്‍ത്തനം ചെയ്യുന്നതായിരുന്നു. കൂടാതെ അവര്‍ പകര്‍ന്നു നല്‍കിയ പാഠങ്ങളും അറിവുകളും എന്റെ ഗവേഷണ-രചനാ കഴിവുകളെ മെച്ചപ്പെടുത്തി. ഇന്ത്യയിലെ സംവരണ നിയമങ്ങളെയും അതുള്‍ക്കൊള്ളുന്ന വിവേചനപരമായ നിലപാടുകളെയും കുറിച്ചുള്ള പഠനത്തെ മുന്നോട്ടു നയിക്കാന്‍ അവര്‍ എനിക്ക് നല്‍കിയ ഊര്‍ജ്ജത്തിന്റെ ഫലമാണ് ഈ പ്രബന്ധം. അവരുടെ ആത്മാര്‍ത്ഥതയും ദൃഢതയും പകര്‍ന്ന ഊര്‍ജ്ജമാണ് ഓക്‌സ്‌ഫോര്‍ഡില്‍ ജാതി അടിസ്ഥാനമാക്കിയുള്ള വിവേചനം കാരണം ഞാന്‍ നേരിട്ട നിരവധി വെല്ലുവിളികളില്‍ എനിക്കു വഴിക്കാട്ടിയായത്.

ഒന്നു കൂടി പറയട്ടെ, ഇതെല്ലാം സാധ്യമായതിനു പിന്നില്‍ ഡോ ബാബാസാഹേബ് അംബേദ്കറുടെ പങ്കും വളരെ വലുതാണ്. 'വിദ്യാഭ്യാസം കടുവയുടെ പാലാണ്, അത് കുടിക്കുന്നവന് അലറാതെ ഇരിക്കാന്‍ കഴിയില്ല' എന്ന് അദ്ദേഹം പറഞ്ഞു. ദലിത് ചേരിയുടെ ജാതി അതിര്‍വരമ്പുകള്‍ തകര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്ന് യഥാര്‍ഥ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ട് കൃത്യമായ മാറ്റം ഉണ്ടാക്കാനുള്ള യാത്രയാണിത്, അവിടെ ഞാന്‍ നന്ദിയുള്ളവനും വിനയാന്വിതനുമായിരിക്കും.








Tags:    

Similar News