പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷ
തിരുവനനന്തപുരം; സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് തിരഞ്ഞെടുക്കുന്നതിനായി നാലില്‍ പഠിക്കുന്ന സംസ്ഥാനത്തെ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി മാര്‍ച്ച് 12ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ വൈകിട്ട് നാല് മണി വരെ വിവിധ ജില്ലകളില്‍ മത്സര പരീക്ഷ നടത്തും. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ മാത്രം ഉള്‍പ്പെടുന്നവരും, വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്തവരുമായ വിദ്യാര്‍ഥികള്‍ക്ക് പ്രസ്തുത മത്സര പരീക്ഷയില്‍ പങ്കെടുക്കാം. പ്രത്യേക ദുര്‍ബല ഗോത്രവര്‍ഗത്തില്‍പ്പെടുന്നവര്‍ക്ക് വരുമാന പരിധി ബാധകമല്ല.
പരീക്ഷയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍വിലാസം, സമുദായം, കുടുംബ വാര്‍ഷിക വരുമാനം, വയസ്സ്, ആണ്‍കുട്ടിയോ, പെണ്‍കുട്ടിയോ എന്ന വിവരം, പഠിക്കുന്ന ക്ലാസും, സ്‌കൂളിന്റെ പേരും വിലാസവും തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തല്‍ സഹിതം പഠിക്കുന്ന ജില്ലയിലെ സംയോജിത പട്ടിക വര്‍ഗ വികസന പ്രോജക്ട് ഓഫിസ് /ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസ്/ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ഫെബ്രുവരി 21നകം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി/ വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല.
സംസ്ഥാന തലത്തില്‍ ആകെ 200 വിദ്യാര്‍ഥികളെയാണ് തെരഞ്ഞെടുക്കുന്നത്. മത്സര പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പ് തങ്ങളുടെ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ബന്ധപ്പെട്ട സംയോജിത പട്ടികവര്‍ഗ വികസന പ്രോജക്ട് ഓഫീസര്‍/ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫിസര്‍ മുമ്പാകെ ഹാജരാക്കണം.
