അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണ സംഘത്തില്‍ ഭിന്നിപ്പ്: ട്രസ്റ്റിന്റെ പേരില്‍ കച്ചവടമെന്ന് മഹന്ത് ധര്‍മദാസ്

' ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുന്‍പും ശേഷവും ജനങ്ങള്‍ ക്ഷേത്ര ഫണ്ടിലേക്ക് നല്‍കിയ സംഭാവനകളുടെ വിശദാംശങ്ങളടക്കം പുറത്തുവിടുന്നില്ല. ഏകദേശം 8- 10 കോടി രൂപയാണ് ട്രസ്റ്റ് കണക്കില്‍ കാണിക്കാത്തത്. ട്രസ്റ്റിന്റെ പേരില്‍ കച്ചവടം നടത്തുകയാണ് ഇവര്‍''- മഹന്ത് ധര്‍മദാസ് പറഞ്ഞു.

Update: 2020-11-12 19:08 GMT

അയോധ്യ: ബാബരി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയുന്നതിന് മുന്നില്‍ നിന്ന നിര്‍വാണി അഖാര സന്യാസി മഹന്ത് ധര്‍മദാസ് രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിനെതിരേ പ്രധാനമന്ത്രിക്ക് കത്തയച്ചു. ശ്രീരാമ ജന്മഭൂമി തീര്‍ത്ഥ ട്രസ്റ്റ് തട്ടിപ്പിനുള്ള കച്ചവട സ്ഥാപനമായി മാറിയെന്നും യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നകന്ന് ട്രസ്റ്റിന്റെ പേരില്‍ ബിസിനസാണ് നടക്കുന്നതെന്നും ധര്‍മദാസ് ആരോപിച്ചു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ തുടര്‍ന്ന് രൂപീകരിച്ച ട്രസ്റ്റില്‍ വൈഷ്ണവ വിഭാഗത്തിനെ പ്രതിനിധീകരിച്ച് ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും ധര്‍മദാസ് കുറ്റപ്പെടുത്തി.

സുപ്രീംകോടതി ഉത്തരവില്‍ പറയുന്ന യഥാര്‍ത്ഥ ലക്ഷ്യങ്ങളില്‍ നിന്നകന്ന് ട്രസ്റ്റ് വെറും കച്ചവട കേന്ദ്രമായി മാറിയെന്ന് മഹന്ത് ധര്‍മദാസ് മാധ്യമങ്ങളോട് പറഞ്ഞു. ''ട്രസ്റ്റ് രൂപീകരിക്കേണ്ടത് അയോധ്യയിലായിരുന്നു. ' ട്രസ്റ്റ് രൂപീകരിക്കുന്നതിന് മുന്‍പും ശേഷവും ജനങ്ങള്‍ ക്ഷേത്ര ഫണ്ടിലേക്ക് നല്‍കിയ സംഭാവനകളുടെ വിശദാംശങ്ങളടക്കം പുറത്തുവിടുന്നില്ല. ഏകദേശം 8- 10 കോടി രൂപയാണ് ട്രസ്റ്റ് കണക്കില്‍ കാണിക്കാത്തത്. ട്രസ്റ്റിന്റെ പേരില്‍ കച്ചവടം നടത്തുകയാണ് ഇവര്‍''- മഹന്ത് ധര്‍മദാസ് പറഞ്ഞു.

''11 ലക്ഷം ഗ്രാമങ്ങളില്‍ നിന്നാണ് സംഭാവനകള്‍ പിരിച്ചത്. ഭഗവാന്‍ രാമന്റെ പേരില്‍ പണം പിരിക്കാന്‍ ആരാണ് ഉത്തരവ് നല്‍കിയത്? ആഗ്രഹിക്കുന്ന അത്രയും വലുപ്പത്തില്‍ ക്ഷേത്രം നിര്‍മിക്കാനുള്ള സ്വത്ത് ഭഗവാനുണ്ട്. ഇതിനോടകം തന്നെ ഒട്ടനവധി തുക സംഭാവനയായി ലഭിച്ചിട്ടുണ്ട്. ഇനിയും എന്തിനാണ് രാമഭഗവാനെ യാചകനാക്കുന്നത്? രാമന്റെ പേരുപറഞ്ഞ് സമൂഹത്തോട് യാചിക്കുകയാണെന്നും ധര്‍മദാസ് പറഞ്ഞു. രാമക്ഷേത്രം നിര്‍മിക്കുന്നതിന് സംഭാവന തേടുന്നതിനായി 11 ലക്ഷത്തോളം പേരെ കാണുമെന്ന് വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള സന്യാസി സംഘടന ഇന്നലെ പറഞ്ഞിരുന്നു.

Tags:    

Similar News