17 മണിക്കൂര്‍ ചോദ്യം ചെയ്യല്‍; ഐഷാ സുല്‍ത്താനയുടെ ഫോണ്‍ പിടിച്ചെടുത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമെന്നും എസ്ഡിപിഐ

Update: 2021-06-26 12:43 GMT

തിരുവനന്തപുരം: ലക്ഷദ്വീപില്‍ സംഘപരിവാര അജണ്ട നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെയും ദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെയും നീക്കത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ ആയിശ സുല്‍ത്താനയെ വേട്ടയാടുന്ന പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. അന്യായമായി അവര്‍ക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയ ശേഷം അവരുടെ ഫോണ്‍ പിടിച്ചെടുത്ത കവരത്തി പോലിസ് നടപടി അങ്ങേയറ്റം അപലപനീയമാണ്.

നാലു ദിവസങ്ങളിലായി 17 മണിക്കൂറിലധികം ചോദ്യം ചെയ്‌തെങ്കിലും ആയിശയ്‌ക്കെതിരേ കുറ്റം ചുമത്താന്‍ മതിയായ തെളിവ് കണ്ടെത്താന്‍ പോലിസിന് കഴിഞ്ഞില്ല. ഇപ്പോള്‍ അവരെ ബന്ധുക്കളെയും ഉറ്റവരെയും പോലും ബന്ധപ്പെടാനാവാത്തവിധം തളച്ചിടുന്നതിനാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്. അവരെ തുറന്ന ജയിലിലടയ്ക്കാനുള്ള രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ആശങ്കയുണ്ട്. ഗൂഗിള്‍ പേ ഉള്‍പ്പെടെ സാമ്പത്തിക ഇടപാടുകള്‍ പോലും അവര്‍ ചെയ്തിരുന്നത് ഈ ഫോണ്‍ ഉപയോഗിച്ചായിരുന്നു. കൊച്ചിയില്‍ ചികില്‍സയിലുള്ള അടുത്ത ബന്ധുക്കളുടെ രോഗവിവരം പോലും അറിയാന്‍ കഴിയാതെ ആയിശ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ്. ദ്വീപിലെ ജനങ്ങളെ അടിച്ചമര്‍ത്താനുള്ള സംഘപരിവാരത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികള്‍ക്കെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ ആയിശ സുല്‍ത്താന ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ തുടരുന്ന ജനാധിപത്യവിരുദ്ധമായ നടപടികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പി ആര്‍ സിയാദ് വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.



Tags: