'ഫസ്റ്റ് ബെല്ലിനും, നമ്മുടെ കോഴിക്കോട് പദ്ധതിക്കും പ്രത്യേക പുരസ്‌കാരം; പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

Update: 2022-08-24 12:16 GMT

തിരുവനന്തപുരം: പൊതുജന സേവനരംഗത്തെ നൂതന ആശയാവിഷ്‌ക്കാരങ്ങള്‍ക്കുള്ള 2018, 2019, 2020 വര്‍ഷങ്ങളിലെ മുഖ്യമന്ത്രിയുടെ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്തു.

2018ല്‍ പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി പോര്‍ട്ടല്‍, പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷനില്‍ കേരള പോലീസ് സൈബര്‍ ഡോം, 2019 ല്‍ പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ റവന്യൂ ഇപേമന്റ് സിസ്റ്റം, ലാന്റ് റവന്യു കമ്മീഷണറേറ്റ്, പ്രൊസീഡ്യുറല്‍ ഇന്റര്‍വെന്‍ഷനില്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ ഫസ്റ്റ് ബെല്‍, ഡവലപ്പ്‌മെന്റല്‍ ഇന്റര്‍വന്‍ഷനില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ നമ്മുടെ കോഴിക്കോട് പദ്ധതി, 2020 ല്‍ പബ്ലിക് സര്‍വീസ് ഡെലിവറി വിഭാഗത്തില്‍ വ്യവസായ വികസന കോര്‍പ്പറേഷന്റെ കെസ്വിഫ്റ്റ് പദ്ധതി, പേഴ്‌സനല്‍ മാനേജ്‌മെന്റില്‍ കിലയുടെ മൂഡില്‍ ഓണ്‍ലൈന്‍ പാഠ്യപദ്ധതിയുമാണ് അവാര്‍ഡുകള്‍ നേടിയത്.

അഞ്ച് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് അവാര്‍ഡ്. ഇതിനു പുറമെ, സ്‌പെഷ്യല്‍ അവാര്‍ഡ് വിഭാഗത്തില്‍ (2019) എറണാകുളം മനീട് കുടുംബാരോഗ്യ കേന്ദ്രവും ഇമ്മ്യൂണോ ചെയിന്‍ വികസിപ്പിച്ച കേരള ഡിജിറ്റല്‍ യൂനിവേഴ്‌സിറ്റിയും (2020 വര്‍ഷം) മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. രണ്ടര ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ് ഈയിനത്തില്‍ അവാര്‍ഡ്.

പുരസ്‌കാരങ്ങള്‍ അത് നേടിയ വകുപ്പുകള്‍ക്ക് കൂടുതല്‍ ഉത്തേജനവും മറ്റ് വകുപ്പുകള്‍ക്ക് പ്രചോദനവും നല്‍കുമെന്നു മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 7,122 കോടി രൂപ വിതരണം ചെയ്യാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. പുരസ്‌കാരങ്ങള്‍ നേടിയ വകുപ്പുകളേയും സ്ഥാപനങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ഐ.എം.ജിയില്‍ നടന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഐ.എം.ജി ഡയറക്ടര്‍ കെ. ജയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 2021 മുതല്‍ പുതിയ രണ്ട് വിഭാഗങ്ങളില്‍ കൂടി പുരസ്‌ക്കാരം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ്, ഡി.ജി.പി അനില്‍കാന്ത്, ഉദ്യോഗസ്ഥ ഭരണപരിഷ്‌ക്കാര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ഡെപ്യൂട്ടി സെക്രട്ടറി എസ്. സീമ എന്നിവര്‍ പങ്കെടുത്തു.