റോഡ് നിര്‍മാണപ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബ്

Update: 2022-12-02 02:14 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഓട്ടോമേറ്റഡ് മൊബൈല്‍ ക്വാളിറ്റി ടെസ്റ്റിങ് ലാബ് വരുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് വാഹനങ്ങളിലാണ് ലാബ് ഒരുക്കി പരിശോധനകള്‍ക്കായി പുറത്തിറക്കുക. മിന്നല്‍ പരിശോധനകള്‍ നടത്തി നിര്‍മാണപ്രവൃത്തികളിലെ പ്രശ്‌നങ്ങള്‍ അതത് സമയത്ത് കണ്ടെത്താനും നടപടി സ്വീകരിക്കാനും ഈ മൊബൈല്‍ യൂനിറ്റുകളുടെ പ്രവര്‍ത്തനം സഹായകമാവും.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് പദ്ധതികള്‍ക്കായി വകയിരുത്തുന്ന തുക മുഴുവന്‍ കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടോയെന്ന് വിലയിരുത്താനും മൊബൈല്‍ ലാബുകള്‍ വഴി സാധിക്കും. പൊതുമരാമത്ത് പ്രവൃത്തിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഗുണനിലവാര പരിശോധനാ വിഭാഗത്തിന്റെ പ്രവര്‍ത്തനം ഇതോടെ കൂടുതല്‍ കാര്യക്ഷമമാവുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

ക്രമേണ കൂടുതല്‍ ലാബുകള്‍ സജ്ജമാക്കാന്‍ സാധിക്കും. പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതോടൊപ്പം സംസ്ഥാനത്തിന്റെ പശ്ചാത്തല വികസന മേഖലയില്‍ വലിയ മാറ്റം കൊണ്ടുവരാനും ഇത് ഫലപ്രദമാവും. റോഡുകളുടെ ഗുണനിലവാരവും ഈടും ഉറപ്പുവരുത്തുന്നതിനുള്ള റണ്ണിങ് കോണ്‍ട്രാക്ട് രീതി ഫലപ്രദമായി നടപ്പക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags: