മൈസൂരു: ദസറ എക്സിബിഷന്‍ ഗ്രൗണ്ടിന് സമീപം നടന്ന കൊലപാതകത്തില്‍ ആറു പ്രതികളെ പോലിസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 11.45ഓടെ ദൊഡ്ഡക്കെരെ മൈതാനിലെ പ്രധാന റോഡിലാണ് സംഭവം. ക്യാതമാരനഹള്ളിയില്‍ താമസിക്കുന്ന ഓട്ടോറിക്ഷാ ഡ്രൈവറായ ഗില്‍ക്കി വെങ്കിടേഷ് (38) ആണ് കൊല്ലപ്പെട്ടത്. യാത്രാമധ്യേ വെങ്കിടേഷ് സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി വാളുകളുമായി എത്തിയ അഞ്ചംഗ സംഘം ഇദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഘം ഓട്ടോറിക്ഷയിലും ഇരുചക്രവാഹനങ്ങളിലുമാണ് എത്തിയത്.
മൈസൂരു നായിഡു നഗറിലെ കീര്‍ത്തി കുമാര്‍ (28), ഗായത്രിപുരത്തെ ഹല്ലപ്പ (24), വീരങ്ങരെ സ്വദേശി നന്ദന്‍ (27), സിദ്ധാര്‍ഥ ലേഔട്ടിലെ നിരുപ് (28), നസര്‍ബാദിലെ ഭരത് (22), മാണ്ഡ്യ ജില്ലയിലെ മൈലാപുരയില്‍ നിന്നുള്ള ധ്രുവകുമാര്‍ (24) എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിന്റെ പിന്നില്‍ ഗുണ്ടാ വൈരാഗ്യമാണെന്നാണ് പോലിസിന്റെ നിഗമനം. ഈ വര്‍ഷം മേയില്‍ ടി നര്‍സിപുര റോഡിലെ ഹോട്ടലിന് മുന്നില്‍ വെച്ച് കൊല്ലപ്പെട്ട ഗുണ്ടാത്തലവന്‍ കാര്‍ത്തിക്കിന്റെ അടുത്ത കൂട്ടാളിയായിരുന്നു വെങ്കിടേഷ്. സാമ്പത്തിക തര്‍ക്കങ്ങളെ തുടര്‍ന്ന് ഇവര്‍ പിന്നീട് പിണങ്ങിപ്പിരിയുകയും, കാര്‍ത്തിക്കിന്റെ കൊലപാതകത്തിന് പിന്നില്‍ വെങ്കിടേഷിന് പങ്കുണ്ടെന്ന് അഭ്യൂഹമുയരുകയും ചെയ്തിരുന്നു. കാര്‍ത്തിക് വധത്തിലെ പ്രതികാരമാണ് വെങ്കിടേഷിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലിസ് കരുതുന്നത്.