ജഡ്ജിമാര്‍ക്ക് ലിംഗസമത്വത്തെക്കുറിച്ച് പരിശീലനം നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍

Update: 2020-12-02 19:36 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ജഡ്ജിമാര്‍ക്ക് ലിംഗസമത്വത്തെ കുറിച്ച് പരിശീലനം നല്‍കണമെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ സുപ്രിംകോടതിയില്‍. ജഡ്ജിമാര്‍ പലരും പഴയ സ്‌കൂളുകളില്‍ നിന്നുള്ളവരാണ്. അവര്‍ക്ക് ലൈംഗിക പീഡന കേസുകള്‍ കൈകാര്യം ചെയ്യാനോ അതുപോലുള്ള പ്രശ്‌നങ്ങളെ കുറിച്ചോ ധാരണയില്ല. പലരും പിതൃമേധാവിത്വപരമായ സമീപനം വച്ചുപുലര്‍ത്തുന്നവരുമാണെന്നും കെ കെ വേണുഗോപാല്‍ പറഞ്ഞു. പീഡനത്തിനിരയാകുന്ന സ്ത്രീകളെ വസ്തുവല്‍ക്കരിക്കാത്തതരത്തില്‍ ജാമ്യവ്യവസ്ഥ ഏര്‍പ്പെടുത്താനുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം. ജഡ്ജിമാരെ ഇത്തരത്തില്‍ പരിശീലിപ്പിച്ചെടുക്കാന്‍ ദേശീയ ജുഡീഷ്യല്‍ അക്കാദമി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ അഭിഭാഷകരും അതുപോലെത്തന്നെ ലിംഗപരമായ പ്രശ്‌നങ്ങളെക്കുറിച്ച് ധാരണയുള്ളവരാവണമെന്നും അവര്‍ക്കും പരിശീലനം നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ജസ്റ്റിസ് എ എം ഖാന്‍വികര്‍ അധ്യക്ഷനായ ബെഞ്ചിലായിരുന്നു കെ കെ വേണുഗോപാല്‍ തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്.

പഴയ സ്‌കൂളുകളില്‍ നിന്നുവരുന്ന ജഡ്ജിമാര്‍ സ്ത്രീകളെ വാര്‍പ്പുമാതൃകയിലാണ് കാണുന്നത്. ഇത് പരിശീലനത്തിലൂടെ ഇല്ലായ്മ ചെയ്യാനാവുമെന്നും അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു.

ആസിഡ് ആക്രമണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറ്റര്‍ണി ജനറല്‍ തന്റെ നിര്‍ദേശം മുന്നോട്ടുവച്ചത്.

Tags:    

Similar News