ആറ്റിങ്ങലില്‍ മല്‍സ്യവ്യാപാരിയുടെ മീന്‍തട്ടിത്തെറിപ്പിച്ച സംഭവം; ജീവനക്കാരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ആറ്റിങ്ങല്‍ നഗരസഭ

നഗരസഭ സസ്‌പെന്‍ഷന്‍ കാലാവധി, ശമ്പളത്തോടെയുള്ള അവധിയാക്കി നല്‍കി ജീവനക്കാരെ തിരിച്ചെടുത്തിരിക്കുകയാണ്. ജീവനക്കാരുടെ അപേക്ഷയും സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദവും മൂലമാണ് തിരിച്ചെടുത്തതെന്നാണ് നഗരസഭ നല്‍കുന്ന ന്യായീകരണം.

Update: 2021-09-02 13:03 GMT

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ മല്‍സ്യവ്യാപാരിയുടെ മീന്‍ തട്ടിത്തെറിപ്പിച്ച സംഭവത്തെ തുടര്‍ന്ന് ജീവനക്കാരെ സസ്‌പെന്റ് ചെയ്ത നടപടി റദ്ദാക്കി ആറ്റിങ്ങല്‍ നഗരസഭ. മല്‍സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് നഗരസഭ ജീവനക്കാരായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുബാറക് ഇസ്മാഈല്‍, ശുചീകരണ തൊഴിലാളി ഷിബു എന്നിവരെയാണ് സസ്‌പെന്റ് ചെയ്തതിരുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി, ശമ്പളത്തോടെയുള്ള അവധിയാക്കി നല്‍കി ജീവനക്കാരെ ഇപ്പോള്‍ തിരിച്ചെടുത്തിരിക്കുകയാണ്. ജീവനക്കാരുടെ അപേക്ഷയും സര്‍വീസ് സംഘടനകളുടെ സമ്മര്‍ദ്ദവും മൂലമാണ് തിരിച്ചെടുത്തതെന്നാണ് നഗരസഭ നല്‍കുന്ന ന്യായീകരണം. തത്വത്തില്‍ മല്‍സ്യവ്യാപാരികളുടെ പ്രതിഷേധം തണുപ്പിക്കാന്‍ വേണ്ടി പേരിന് ഒരു നടപടിയെടുക്കുക മാത്രമായിരുന്നു ആറ്റിങ്ങല്‍ നഗരസഭ ചെയ്തത്.

ആറ്റിങ്ങല്‍ അവനവന്‍ചേരി തെരുവ് റോഡില്‍ മല്‍സ്യവ്യാപാരം നടത്തിയ അല്‍ഫോന്‍സയുടെ മീന്‍കുട്ട തട്ടിത്തെറിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. മൂന്ന് കുട്ട മീന്‍ മാലിന്യകൊണ്ടുപോകുന്ന വാഹനത്തിലേക്ക് തള്ളിയിരുന്നു. മീന്‍ മാലിന്യത്തിലേക്ക് തള്ളിയത് ശരിയല്ലെന്ന് അന്ന് മന്ത്രി വി ശിവന്‍കുട്ടി ഉള്‍പ്പെടെ അഭിപ്രായപ്പെട്ടിരുന്നു. ഇൗ ഘട്ടത്തിലാണ് രണ്ട് പേരെ ആറ്റിങ്ങല്‍ നഗരസഭ സസ്‌പെന്റ് ചെയ്തത്.

സസ്‌പെന്‍ഷന്‍ നടപടിയോടെ മല്‍സ്യ വ്യാപാരികള്‍ നടത്തിയിരുന്ന പ്രതിഷേധപരിപാടികള്‍ പിന്‍വലിച്ചിരുന്നു. മന്ത്രി വി ശിവന്‍കുട്ടിയും മന്ത്രി ആന്റണി രാജുവും ചേര്‍ന്ന് മല്‍സ്യ വ്യാപാരി നേതാക്കളുമായി ചര്‍ച്ച ചെയ്താണ് പ്രതിഷേധം അവസാനിപ്പിച്ചത്.

നേരത്തെയും നിരവധി തവണ വഴിയോരക്കച്ചവരക്കാരെ ആറ്റിങ്ങല്‍ നഗരസഭ ജീവനക്കാരും ഭരണസമിതിയും അപമാനിച്ചിട്ടുണ്ട്.

Tags: