ഭാര്യ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യാ ശ്രമം; പൊള്ളലേറ്റ് ഭര്‍ത്താവ് ആശുപത്രിയില്‍
വടകര: ഭാര്യയുടെ സഹോദരന്റെ വീടിന് തീയിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. വടകര, കോട്ടക്കടവ് സ്വദേശി ഷാജിയുടെ വീടിന് നേരെയാണ് 50കാരനായ സഹോദരി ഭര്‍ത്താവ് അനില്‍ കുമാര്‍ ആക്രമണം നടത്തിയത്. ഗുരുതരമായി പൊള്ളലേറ്റ അനില്‍കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിന് തീകൊളുത്തിയ അനില്‍ കുമാര്‍ മുറ്റത്ത് നിര്‍ത്തിയിട്ട കാറിനും സ്‌കൂട്ടറിനും തീയിട്ടു. തീ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ഷാജിയെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പുറത്തിറങ്ങിയ ഷാജിയെ അനില്‍ കുമാര്‍ ആക്രമിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് അനില്‍ കുമാര്‍ സ്വയം തീകൊളുത്തുകയായിരുന്നു.
ഉടന്‍ പോലിസില്‍ വിവരമറിയിക്കുകയും പോലിസെത്തി അനില്‍ കുമാറിനെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാരാണ് തീയണച്ചത്. അഗ്‌നിബാധയില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അനില്‍ കുമാറും ഭാര്യയുമായുള്ള വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയാണ് ഇയാള്‍ വീട് ആക്രമിച്ചത്. 2018 ല്‍ ഇതേ വീട് ആക്രമിച്ചതിന്റെ പേരില്‍ ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.