പീപ്പിള്‍സ് ബസാറിലെ മോഷണശ്രമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

Update: 2021-12-30 05:30 GMT

ഒറ്റപ്പാലം: സപ്ലൈകോ പീപ്പിള്‍സ് ബസാറിലെ മോഷണശ്രമം സംബന്ധിച്ച കേസില്‍ തൃശൂര്‍ സ്വദേശി അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ പള്ളിയാലില്‍ത്തൊടി വിനോദിനെ (ബെന്നി 55) ആണ് ഒറ്റപ്പാലം റെയില്‍വേ സ്‌റ്റേഷനില്‍ നിന്നു പൊലിസ് അറസ്റ്റ് ചെയ്തത്. നഗരസഭാ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ പീപ്പിള്‍സ് ബസാറില്‍ കഴിഞ്ഞ 16നു രാത്രിയായിരുന്നു മോഷണശ്രമം. സ്ഥാപനത്തിലെ ഷട്ടറിന്റെ പൂട്ടും അകത്തെ ചില്ലുവാതിലും തകര്‍ത്ത നിലയിലായിരുന്നു. ഓഫിസ് മുറിയില്‍ പണം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ ചെസ്റ്റ് കുത്തിത്തുറക്കാന്‍ നടത്തിയ ശ്രമമാണു പരാജയപ്പെട്ടത്. 

നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു പൊലിസ് നടത്തിയ അന്വേഷണമാണ് ലക്ഷ്യം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് അറസ്റ്റിലായ വിനോദില്‍ നിന്നു കത്തി കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. ഇയാളെ പീപ്പിള്‍സ് ബസാറില്‍ എത്തിച്ചു തെളിവെടുത്തു.

തൃശൂര്‍, മലപ്പുറം ജില്ലകളിലായി വിനോദിന്റെ പേരില്‍ ഒട്ടേറെ മോഷണക്കേസുകളുണ്ട്. ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ വി ബാബുരാജന്‍, എസ്‌ഐ പി ശിവശങ്കരന്‍, എഎസ്‌ഐമാരായ വി എ ജോസഫ്, റഷീദ് അലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.