സുഡാനില്‍ സൈനിക അട്ടിമറിയ്ക്ക് ശ്രമം; പ്രധാനമന്ത്രിയെ സൈന്യം തട്ടിക്കൊണ്ടുപോയി

Update: 2021-10-25 09:26 GMT

ഖാര്‍ട്ടോം: സുഡാന്‍ പ്രധാനമന്ത്രി അബ്ദുള്ള ഹംഡോക്കിനെ അജ്ഞാതരായ സൈനികര്‍ തട്ടിക്കൊണ്ടുപോയി. സൈനിക അട്ടിമറിയ്ക്ക് അനുകൂലമായ പ്രസ്താവനയില്‍ ഒപ്പുവയ്ക്കാത്തതിനെ തുടര്‍ന്നാണ്  പ്രധാനമന്ത്രിയെ അജ്ഞാത കേന്ദ്രത്തിലേക്ക് നീക്കിയതെന്നാണ് കരുതുന്നത്.

ഇടക്കാല സര്‍ക്കാരിലെ പ്രമുഖ നേതാക്കളെയും സൈന്യം വളഞ്ഞിരിക്കുകയാണ്.

പ്രധാനമന്ത്രിയുടെ വസതി സൈന്യം വളഞ്ഞിരിക്കുകയാണെന്നും അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും ദുബയിലെ അല്‍ ഹദാത്ത് ടിവി വാര്‍ത്ത പുറത്തുവിട്ടതിനു തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ 'തിരോധാനം'. പ്രധാനമന്ത്രി സൈന്യത്തിന്റെ അട്ടിമറി ശ്രമത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. 

പ്രധാനമന്ത്രിയെ കൊണ്ടുപോയ കാര്യം കുടുംബവും സ്ഥിരീകരിച്ചു. അദ്ദേഹത്തോടൊപ്പം വ്യവസായ മന്ത്രി ഇബ്രാഹിം അല്‍ ഷെയ്ക്കിനെയും സുഡാന്‍ തലസ്ഥാനമായ ഖാര്‍ട്ടോമിന്റെ ഗവര്‍ണര്‍ അയ്മാന്‍ ഖാലിദിനെയും തട്ടിക്കൊണ്ടുപോയിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസമായി സുഡാനില്‍ രാഷ്ട്രീയസ്ഥിതി മോശമാണ്. സൈന്യവും പൗരാവകാശ സംഘടനകളും തമ്മിലുള്ള പോരാട്ടം വര്‍ധിച്ചിട്ടുണ്ട്. ഒമര്‍ അല്‍ ബഷീറിനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം സൈന്യവും പൗരാവകാശ സംഘടനകളും യോജിച്ചാണ് ഭരണം കൊണ്ടുപോയിരുന്നത്.

വാര്‍ത്താവിനിമയ മന്ത്രി ഹംസ ബലൗള്‍, പ്രധാനമന്ത്രിയുടെ മാധ്യമഉപദേഷ്ടാവ് ഫൈസല്‍ മുഹമ്മദ് സലേഷ്, സുഡാന്‍സോവറിന്‍ കൗണ്‍സില്‍ വക്താവ് മുഹമ്മദ് അല്‍ഫിക്കി സുലിമാന്‍ തുടങ്ങിയവരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കഴിഞ്ഞ മാസവും സുഡാനില്‍ അട്ടിമറി ശ്രമം നടന്നിരുന്നു.

2019ലാണ് സുഡാനിലെ അല്‍ ബഷീര്‍ ഭരണകൂടം വീണത്. തുടര്‍ന്ന് 2023ഓടെ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു പ്രഖ്യാപനം.

തലസ്ഥാനത്ത് ഇന്റര്‍നെറ്റിനും വാര്‍ത്താവിതരണ സംവിധാനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനങ്ങള്‍ തമ്മിലുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെട്ടു.

തലസ്ഥാനത്തെ റോഡുകള്‍, പാലങ്ങള്‍ തുടങ്ങിയവയും അടച്ചു. തലസ്ഥാന നഗരിയിലേക്കുള്ള റോഡുകളും പ്രവേശനമാര്‍ഗങ്ങളുമാണ് അടച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെയും പ്രസിഡന്റിന്റെയും ഓഫിസുകളും വസതിയും ഇതേ ഭാഗമാണ്.

സൈന്യം നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. തങ്ങള്‍ക്കു ലഭിച്ച ഉത്തരവനുസരിക്കുന്നുവെന്നാണ് പട്ടാളം പറയുന്നത്. സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിട്ടില്ല. 

Tags: