കോടതിയില്‍ ചീഫ് ജസ്റ്റിസിനുനേരെ ഷൂ എറിയാന്‍ ശ്രമം; സോളിസിറ്റര്‍ ജനറല്‍ അപലപിച്ചു

സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളാണ് ഇതിന് കാരണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത

Update: 2025-10-06 14:19 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അപലപിച്ചു. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളാണ് ഇതിന് കാരണമെന്ന് തുഷാര്‍ മേത്ത പറഞ്ഞു. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

'ഇന്ന് ചീഫ് ജസ്റ്റിസിനുനേരെ കോടതിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരവും അപലപനീയവുമാണ്. സോഷ്യല്‍ മീഡിയയിലെ തെറ്റായ വിവരങ്ങളുടെ ഫലമാണിത്. രാജ്യത്തെ പരമോന്നത കോടതിയുടെ മഹത്വത്തോടും ഗാംഭീര്യത്തോടും കൂടി ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് പ്രതികരിച്ചത് ശരിക്കും സന്തോഷകരമാണ്. ഈ മഹാമനസ്‌കതയെ മറ്റുള്ളവര്‍ സ്ഥാപനത്തിന്റെ ബലഹീനതയായി കണക്കാക്കരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'-തുഷാര്‍ മേത്ത പറഞ്ഞു

ഇന്ന് രാവിലെ കേസുകള്‍ നടക്കുന്നതിനിടയിലാണ് സംഭവം. ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സനാതന ധര്‍മ്മത്തിനെതിരാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അതിക്രമം നടത്തിയത്. ഇയാളെ പോലിസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വെറുതെവിട്ടു.

'ഇപ്പോള്‍ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടൂ. നിങ്ങള്‍ ഭഗവാന്‍ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍ ഇപ്പോള്‍ പോയി പ്രാര്‍ത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്. എഎസ്ഐ അനുമതി നല്‍കേണ്ടതുണ്ട്', ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ച വിഷയത്തില്‍ കോടതിയുടെ നിരീക്ഷണം. ഹരജി തള്ളിയതിനു പിന്നാലെ ജസ്റ്റിസ് നടത്തിയ പരാമര്‍ശം സമൂഹമാധ്യമങ്ങളില്‍ വലിയ വിവാദത്തിനിടയാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

Tags: