പിടിച്ചെടുത്ത ഹാന്‍സ് മറിച്ചു വില്‍ക്കാന്‍ ശ്രമം; എഎസ്‌ഐയും പോലിസുകാരനും അറസ്റ്റില്‍

ഹാന്‍സ് വില്‍പ്പനക്കിടെ പോലിസ് പിടികൂടിയ പ്രതിയാണ് പോലിസുകാരുടെ മറിച്ചു വില്‍പ്പന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അവരെ അകത്താക്കിച്ചത്

Update: 2021-09-16 07:01 GMT

മലപ്പുറം: നിരോധിത പുകയില ഉത്പ്പനം വില്‍പ്പന നടത്തുന്നതിന്റെ പേരില്‍ പിടികൂടിയ ഹാന്‍സ് പാക്കറ്റുകള്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പോലിസുകാരെ അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രന്‍, സീനിയര്‍ സിപിഒ സജി ചെറിയാന്‍ എന്നിവരാണ് ജോലി ചെയ്ത പോലിസ് സ്‌റ്റേഷനില്‍ തന്നെ അറസ്റ്റിലായത്. ഇവരെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തിട്ടുമുണ്ട്.


മലപ്പുറം കോട്ടക്കലിലാണ് പോലിസ് തന്നെ നിരോധിത പുകയില ഉത്പ്പന്നം വില്‍ക്കാന്‍ ശ്രമിച്ചത്. ഹാന്‍സ് വില്‍പ്പനക്കിടെ പോലിസ് പിടികൂടിയ പ്രതിയാണ് പോലിസുകാരുടെ മറിച്ചു വില്‍പ്പന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അവരെ അകത്താക്കിച്ചത്. ഹാന്‍സിന്റെ ആയിരത്തിലേറെ പാക്കറ്റുകളാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.


ജൂണ്‍ 21നാണ് കോട്ടക്കല്‍ പോലീസ് ലക്ഷക്കണക്കിന് രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്. നാസര്‍, അഷ്‌റഫ് എന്നിവര്‍ മിനി ടെംപോ വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച 1600ഓളം പാക്കറ്റ് ഹാന്‍സാണ് പിടികൂടിയത്. ഇവരുടെ വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാനും ഉത്തരവായി. ഇതിനുപിന്നാലെയാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കാതെ മറിച്ചുവില്‍ക്കാന്‍ ശ്രമിച്ചത്.


റഷീദ് എന്ന ഏജന്റ് മുഖേനയാണ് പോലീസുകാര്‍ ഹാന്‍സ് പാക്കറ്റുകള്‍ വില്‍ക്കാന്‍ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോണ്‍ സംഭാഷണങ്ങളും നടത്തി. ഇക്കാര്യമറിഞ്ഞ നാസറും അഷ്‌റഫുമാണ് പോലീസുകാരുടെ ഹാന്‍സ് വില്‍പ്പന മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി രണ്ട് പോലീസുകാരെയും പിടികൂടുകയായിരുന്നു.




Tags:    

Similar News