വീണ്ടും പ്രകോപനത്തിനു ശ്രമം: മുഹമ്മദ് നബിയെ കുറിച്ചുള്ള കാര്‍ട്ടൂണ്‍ പുനപ്രസിദ്ധീകരിച്ച് 'ഷാര്‍ലെ ഹെബ്ദോ'

പ്രവാചകനെ കാര്‍ട്ടൂണിലൂടെ മോശമാക്കി ചിത്രീകരിച്ചതിനു പ്രതികാരമായി 2015 ജനുവരി ഏഴിന് 'ഷാര്‍ലെ ഹെബ്ദോ' ഓഫീസിലുണ്ടായ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Update: 2020-09-02 04:26 GMT

പാരീസ്: പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ചുള്ള വിവാദ കാര്‍ട്ടൂണ്‍ ഫ്രഞ്ച് ആക്ഷേപഹാസ്യ മാസിക 'ഷാര്‍ലെ ഹെബ്ദോ' പുനപ്രസിദ്ധീകരിച്ചു. മുന്‍പ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിനു പ്രതികാരമായി 2015 ജനുവരി ഏഴിനു 'ഷാര്‍ലെ ഹെബ്ദോ' ഓഫീസിനു നേരേ നടന്ന ആക്രമണത്തിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് വീണ്ടും അതേ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത്. നേരത്തെ 2005ല്‍ പ്രവാചകനെക്കുറിച്ച് ഡാനിഷ് ദിനപത്രത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചപ്പോഴും 2006 ഫെബ്രുവരിയില്‍ 'ഷാര്‍ലി എബ്ദോ' അത് പുനഃപ്രസിദ്ധീകരിച്ചപ്പോഴും ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രവാചകനെ കാര്‍ട്ടൂണിലൂടെ മോശമാക്കി ചിത്രീകരിച്ചതിനു പ്രതികാരമായി 2015 ജനുവരി ഏഴിന് 'ഷാര്‍ലെ ഹെബ്ദോ' ഓഫീസിലുണ്ടായ ആക്രമണത്തില്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയവര്‍ കൊല്ലപ്പെട്ടെങ്കിലും അതില്‍ പങ്കുണ്ടെന്ന് കരുതുന്ന 14 പേരുടെ വിചാരണ ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് വിവാദ കാര്‍ട്ടൂണുകള്‍ മാസിക പുന പ്രസിദ്ധീകരിച്ചത്. 'ഞങ്ങള്‍ ഒരിക്കലും മുട്ടുമടക്കില്ല, ഞങ്ങള്‍ ഒന്നും ഉപേക്ഷിച്ചിട്ടുമില്ല' പുതിയ പതിപ്പില്‍ വിവാദ കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിച്ചു കൊണ്ട് മാസിക എഴുതി. വിചാരണ തുടങ്ങുന്ന സമയത്ത് ഇവ പ്രസിദ്ധീകരിക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് അവര്‍ അവകാശപ്പെട്ടു. 

Tags:    

Similar News