കര്‍ണാടകയില്‍ മറാത്തക്കാര്‍ക്കെതിരേ ആക്രമണം നടക്കുന്നു; കേന്ദ്രം ബംഗാള്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലാണെന്ന് കുറ്റപ്പെടുത്തി ശിവസേനാ നേതാവ്
മുംബൈ: കര്‍ണാകയില്‍ മറാത്തക്കാര്‍ക്കെതിരേ നടക്കുന്ന ആക്രമണത്തില്‍ നിസ്സംഗത പുലര്‍ത്തുന്ന കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി മഹാരാഷ്ട്ര ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ മുഴുന്‍ രാഷ്ട്രീയപാര്‍ട്ടികളും ഉള്‍പ്പെടുന്ന പ്രതിനിധി സംഘം മറാത്തക്കാര്‍ക്കെതിരേ ആക്രമണം അരങ്ങേറുന്ന ബെല്‍ഗാം സന്ദര്‍ശിച്ച് മറാത്തക്കാര്‍ക്ക് ആത്മവിശ്വാസം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കര്‍ണാടകയിലെ മഹാരാഷ്ട്രക്കാരായ മറാത്തകള്‍ ആക്രമിക്കപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന് ബംഗാള്‍ തിരഞ്ഞെടുപ്പാണ് പ്രധാനമെന്ന് റാവത്ത് കുറ്റപ്പെടുത്തി.
ബിജെപിയും കേന്ദ്ര സര്‍ക്കാരും ബംഗാളിലെ അക്രമസംഭവങ്ങളില്‍ ശ്രദ്ധാലുക്കളാണ്. എന്നാല്‍ മറാത്തക്കാര്‍ ബെല്‍ഗാമില്‍ കഴിഞ്ഞ എട്ട് ദിവസമായി ആക്രമിക്കപ്പെടുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് വേവലാതിയില്ല. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും വിവിധ പാര്‍ട്ടി പ്രതിനിധികളും മറാത്തക്കാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നുനല്‍കുന്നതിനുവേണ്ടി സ്ഥലം സന്ദര്‍ശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയും കര്‍ണാടകയും തമ്മില്‍ ഭാഷാപ്രശ്‌നത്തില്‍ തര്‍ക്കം നടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ണാടകയിലെ സങ്കുചിത വര്‍ഗീയ കക്ഷിയായ രക്ഷാനവേദിക പ്രവര്‍ത്തകര്‍ ബെല്‍ഗാമില്‍ മറാത്ത ഭാഷയിലെഴുതിയ ബോര്‍ഡുകള്‍ക്കു നേരെ ആക്രമണം നടത്തിയതോടെയാണ് പുതിയ സംഘര്‍ഷത്തിന് തുടക്കമായത്.
1956ല്‍ സംസ്ഥാന പുനസ്സംഘടനാ നിയമം പ്രാബല്യത്തില്‍ വന്നതോടെയാണ് കര്‍ണാടകയും മഹാരാഷ്ട്രയും ബെല്‍ഗാമിനെയും 10 താലൂക്കിനെയും ചൊല്ലി തര്‍ക്കമുണ്ടായത്. പുനസ്സംഘടനാ നിയമം പ്രാബല്യത്തില്‍ വന്നതോടെ മുന്‍കാലത്ത് ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായ ബെല്‍ഗാം മൈസൂര്‍ സംസ്ഥാനത്തിന്റെ ഭാഗമായി. അന്നുമുതലാണ് ഇരു സംസ്ഥാനങ്ങളും തമ്മില്‍ തര്‍ക്കമായത്. ഇതുമായി ബന്ധപ്പെട്ട ഒരു കേസും സുപ്രിംകോടതിയില്‍ നിലവിലുണ്ട്.
