കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്നതിന് യുവാവ് ചവിട്ടിത്തെറിപ്പിച്ച ആറുവയസ്സുകാരന്റെ ഇടതുവാരിയെല്ലിന് ചതവ്. കുട്ടിയുടെ മുതുകില്‍ നീര്‍ക്കെട്ടുണ്ടെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. രണ്ട് ദിവസംകൂടി കുട്ടി ആശുപത്രിയില്‍ തുടരുമെന്നാണ് വിവരം. അതേസമയം, കുട്ടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷഹ്ഷാദിനെ റിമാന്റ് ചെയ്തു.
14 ദിവസത്തേയ്ക്ക് തലശ്ശേരി കോടതിയാണ് മുഹമ്മദിനെ റിമാന്റ് ചെയ്തത്. ഇയാള്‍ക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. തലശ്ശേരിയില്‍ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചിരിനിന്നതിന് യുവാവ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത യുവാവിനെ രാത്രിതന്നെ വിട്ടയച്ച നടപടി വിവാദമായതോടെ, പോലിസിന് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കുകയാണ്. തലശ്ശേരി എസിപിയാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
സംഭവം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍കാന്ത് ഇന്നലെ വ്യക്തമാക്കിയിരുന്നു. സ്പീക്കര്‍ എ എന്‍ ഷംസീറും വിവിധ രാഷ്ട്രീയ നേതാക്കളും കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. വിഷയത്തില്‍ ഇടപെട്ട ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ് കുമാര്‍ പോലിസ് മേധാവികളെ ബന്ധപ്പെട്ട് രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജും സംഭവത്തില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.