ഷാഫിക്കെതിരായ ആക്രണം, സ്വര്‍ണകൊള്ള മറച്ചുവയ്ക്കാനുള്ള സര്‍ക്കാര്‍ ശ്രമം: കെ സി വേണുഗോപാല്‍
തിരുവനന്തപുരം: ഷാഫി പറമ്പിലിനെതിരായ ആക്രമണം, സ്വര്‍ണക്കൊള്ളയില്‍ നിന്ന് തടിതപ്പാനുള്ള സര്‍ക്കാരിന്റെ ശ്രമമാണെന്ന് എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നട്ടുച്ചക്ക് ഇരുട്ടാണെന്നു പറയുന്ന നിലപാടാണ് അവരുടേത്. മാധ്യമപ്രവര്‍ത്തകര്‍ സത്യം പുറത്തുകൊണ്ടുവന്നപ്പോള്‍ ഇപ്പോള്‍ അവര്‍ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാം മറച്ചുവയ്ക്കാനുള്ള തത്രപ്പാടാണ് അവരുടേതെന്നും അതാണ് ഇന്നലെ കണ്ടതെന്നും വേണുഗേപാല്‍ പറഞ്ഞു. ഷാഫി പറമ്പിലിനെ താന്‍ കണ്ടിരുന്നെന്നും മൂന്നുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ആണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരേ പോലിസ് കേസെടുത്തു. പോലിസിനെ ആക്രമിക്കാന്‍ ശ്രമിച്ചതിനും കലാപശ്രമത്തിനുമാണ് കേസെടുത്തിരിക്കുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ച് പോലിസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാണ് കേസ്. ഷാഫി പറമ്പില്‍ ഡിസിസി പ്രസിഡന്റ് പ്രവീണ്‍കുമാര്‍ എന്നിവരുള്‍പ്പെടെ എട്ട് യുഡിഎഫ് നേതാക്കള്‍ക്കെതിരേയും കണ്ടാലറിയാവുന്ന 692 പേര്‍ക്കെതിരേയുമാണ് കേസെടുത്തത്.സംഘര്‍ഷത്തില്‍ പരിക്കേറ്റ ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മൂക്കിന്റെ രണ്ട് ഭാഗങ്ങളിലാണ് പൊട്ടലേറ്റത്. എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലര്‍ച്ചെ പൂര്‍ത്തിയായി.
പേരാമ്പ്ര സികെജി കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തിലാണ് സംഘര്‍ഷമുണ്ടായത്. കോളജില്‍ ചെയര്‍മാന്‍ സ്ഥാനം വിജയിച്ചതിലുള്ള യുഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലിസ് തടഞ്ഞതിനെ തുടര്‍ന്ന് പേരാമ്പ്ര ടൗണില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു. ഇതില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് പേരാ്രമ്പയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഹര്‍ത്താലിനിടെ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദിന് മര്‍ദനമേറ്റതായി ആരോപിച്ചു. ഇതിന്റെ ഭാഗമായി സിപിഎമ്മും പ്രകടനം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകടനങ്ങളും നേര്‍ക്കുനേര്‍ വന്നതോടെ പോലിസ് ലാത്തി വീശി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫിക്ക് പരുക്കേറ്റത്.

