സിംഘു അതിര്‍ത്തിയില്‍ പൗള്‍ട്രി ഫാം തൊഴിലാളിക്കെതിരേ ആക്രമണം; ഒരു നിഹാങ്ക് അറസ്റ്റില്‍

Update: 2021-10-22 07:07 GMT

ന്യൂഡല്‍ഹി: ഡല്‍ഹി-ഹരിയാന അതിര്‍ത്തിയില്‍ സിഖ് വിശുദ്ധഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഒരു കൂലിത്തൊളിലാളിയെ കൊലപ്പെടുത്തിയതിനു തൊട്ടുപിന്നാലെ മറ്റൊരാള്‍ക്കെതിരേ ആക്രമണം. സംഭവത്തില്‍ ഒരു നിഹാങ്കിനെ അറസ്റ്റ് ചെയ്തു.

പൗള്‍ട്രി ഫാം തൊഴിലാളിയായ മനോജ് പാസ്വാനാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തന്റെ അനുഭവം പങ്കുവയ്ക്കുന്ന രണ്ട് വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

അദ്ദേഹം ഒരു കോഴിവണ്ടിയുമായി പോകുമ്പോള്‍ സിംഘുവില്‍ വച്ച് ഒരാള്‍ വണ്ടി തടഞ്ഞ്, സൗജന്യമായി കോഴി ആവശ്യപ്പെട്ടു. അതിന് തയ്യാറാകാതിരുന്നതിനാല്‍ തടഞ്ഞ ആള്‍ അദ്ദേഹത്തെ ആക്രമിച്ചുവെന്നാണ് ആരോപണം. മഴു പോലെ തോന്നിക്കുന്ന ആയുധമാണ് ഉപയോഗിച്ചത്.

'കടക്കാരോടും ഫാം ഉടമകളോടും ഞാന്‍ മറുപടി പറയേണ്ടതിനാല്‍ എനിക്ക് കോഴിയെ നല്‍കാന്‍ കഴിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ ഒരു തൊഴിലാളിയാണ്, ഒരു കോഴിയെങ്കിലും നഷ്ടപ്പെട്ടാല്‍ എന്റെ ജോലി പോകും,'- മനോജ് വീഡിയോയില്‍ പറയുന്നു.

അടുത്തുള്ള കോഴിഫാമില്‍ പോയി അവിടെ നിന്ന് നേരിട്ട് വാങ്ങാമെന്ന് അയാളോട് പറഞ്ഞതായി മനോജ് അവകാശപ്പെട്ടു.

'ഞാന്‍ ഇന്‍വോയ്‌സ് സ്ലിപ്പ് പോലും തെളിവായി കാണിച്ചു, പക്ഷേ ഞാന്‍ അത് പുറത്തെടുത്തപ്പോള്‍, എന്റെ പോക്കറ്റില്‍ ഒരു തരം നേര്‍ത്ത, കൈകൊണ്ട് ചുരുട്ടിയ സിഗരറ്റും ബീഡിയും ഉള്ളതായി അയാള്‍ ശ്രദ്ധിച്ചു, അത് അവനെ പ്രകോപിപ്പിച്ചു, അവന്‍ എന്നെ ആക്രമിച്ചു,'- അദ്ദേഹം പറഞ്ഞു.

പുറത്തുവന്ന മറ്റൊരു വീഡിയോയില്‍ പാസ്വാനെ മര്‍ദിക്കുന്നത് തടയാന്‍ ചെന്ന മറ്റൊരാളെയും നിഹാങ്കുകള്‍ മര്‍ദ്ദിച്ചെന്ന് പറയുന്നുണ്ട്.

ദലിത് തൊഴിലാളിയായ ലഖ്ബീര്‍ സിങ്ങിനെയാണ് കഴിഞ്ഞ ആഴ്ച സിംഘു അതിര്‍ത്തിയില്‍ വച്ച് നിഹാങ്കുകള്‍ കൊലപ്പെടുത്തിയത്. അതിനുശേഷം അദ്ദേഹത്തിന്റെ കയ്യ് അവര്‍ ഛേദിച്ച് പോലിസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കി. ലഖ്ബീര്‍ വിശുദ്ധമതഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

Tags:    

Similar News